
2024 ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി നേടി മാരുതി സുസുക്കിയെ മലർത്തിയടിച്ചതിനു തൊട്ടുപിന്നാലെ അഞ്ച് ലക്ഷം യൂണിറ്റ് ഉൽപ്പാദനം എന്ന പുതിയ റെക്കോർഡ് സൃഷ്‍ടിച്ച് ടാറ്റ പഞ്ച്. പെട്രോൾ, സിഎൻജി, ഇലക്ട്രിക് വേരിയൻ്റുകളുടെ സംയോജിത ഉൽപ്പാദനം ഈ നാഴികക്കല്ലിൽ ഉൾപ്പെടുന്നു.
മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ടാറ്റ പഞ്ച് ലഭ്യമാണ്. ഇതിൽ പെട്രോൾ, സിഎൻജി, ഇലക്ട്രിക് (ഇവി) മോഡലുകളും ഉൾപ്പെടുന്നു. സാമ്പത്തികവും പ്രായോഗികവുമായ ഡിസൈൻ, പവർട്രെയിൻ എഞ്ചിൻ, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയാണ് ഇതിൻ്റെ ജനപ്രീതിക്ക് പിന്നിലെ കാരണം. ഒപ്പം താങ്ങാനാവുന്ന വില, പ്രായോഗികത, സുരക്ഷ എന്നിവയുടെ സംയോജനവും പഞ്ചിൻ്റെ വിജയത്തിന് കാരണങ്ങളാകുന്നു. ഇത് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷനും ഉൾക്കൊള്ളുന്നു. അടിസ്ഥാനപരമായി ഒതുക്കമുള്ളതും നഗര സൗഹൃദവുമായ പാക്കേജിൽ എസ്‌യുവി പോലുള്ള അനുഭവം വാഗ്ദാനം ചെയ്യുന്നു.
പെട്രോൾ വേരിയൻ്റ്:ടാറ്റ പഞ്ച്(ടാറ്റ പഞ്ച്)87 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. 5 സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ഈ എഞ്ചിൻ വരുന്നത്. കൂടുതൽ മൈലേജ് നൽകാൻ ഉപഭോക്താക്കൾക്കായി സിഎൻജി വേരിയന്‍റും വിപണിയിൽ ഉണ്ട്. പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വേരിയൻ്റിന് 72 ബിഎച്ച്പി കരുത്തും 103 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഇത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വരുന്നത്. ടാറ്റ പഞ്ച് ഇപ്പോൾ ഇവി രൂപത്തിലും ലഭ്യമാണ്. 25kWh, 35kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഈ വേരിയൻ്റിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി പായ്ക്ക് യഥാക്രമം 315 കിലോമീറ്ററും 421 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
മാനുവൽ ട്രാൻസ്മിഷനോട് കൂടിയ പെട്രോൾ വേരിയൻ്റിലുള്ള ഈ ടാറ്റ കാറിൻ്റെ എആർഎഐ മൈലേജ് ലിറ്ററിന് 20.09 കിലോമീറ്ററാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഈ കാർ ലിറ്ററിന് 18.8 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി വേരിയൻ്റിലും ഈ കാർ വിപണിയിൽ ലഭ്യമാണ്. ടാറ്റ പഞ്ച് സിഎൻജിക്ക് 26.99 km/kg ആണ് മൈലേജ് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി ടാറ്റ പഞ്ച് നേടിയിരുന്നു. ഒതുക്കമുള്ള ഡിസൈൻ, ഫീച്ചറുകൾ, താങ്ങാവുന്ന വില, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ കാരണം ഈ കാർ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായി. ടാറ്റ പഞ്ച് ഒരു വിജയഗാഥ മാത്രമല്ല. ഇതിൻ്റെ പെട്രോൾ, സിഎൻജി, ഇവി വകഭേദങ്ങൾ വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനാണ്.