സഫാരി ഗോള്‍ഡ് എഡിഷനുമായി ടാറ്റ, അരങ്ങേറ്റം ദുബായിൽ നടക്കുന്ന ഐപിഎൽ 2021ൽ

By Web TeamFirst Published Sep 19, 2021, 8:37 PM IST
Highlights

മാനുവൽ പതിപ്പിന് 21.89 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 23.18 ലക്ഷം രൂപയുമാണ്  സഫാരി ഗോൾഡ് എഡിഷന്‍റെ  ഇന്ത്യയിലെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ: ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍.  ഇപ്പോഴിതാ സഫാരി വാഹന നിരയിലേക്ക് ഗോൾഡ് എഡിഷൻ കൂട്ടിച്ചേർത്തിരിക്കുകയാണ് ടാറ്റ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനുവൽ പതിപ്പിന് 21.89 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 23.18 ലക്ഷം രൂപയുമാണ്  സഫാരി ഗോൾഡ് എഡിഷന്‍റെ  ഇന്ത്യയിലെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഗോൾഡ് എഡിഷന് പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. അതേസമയം എഞ്ചിനിൽ മാറ്റമില്ല. 170hp, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ തുടരും.

ദുബായിൽ നടക്കുന്ന ഐപിഎൽ 2021ൽ വാഹനം അരങ്ങേറ്റം കുറിക്കും. സഫാരി ഗോൾഡ് എഡിഷനിൽ എക്സ്റ്റീരിയറിലും ഇൻറീരിയറിലും പലതരം സൗന്ദര്യവർധക മാറ്റങ്ങളുണ്ടായിട്ടുണ്ട്. വാഹനം രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഫ്രോസ്റ്റ് വൈറ്റ് ബോഡി കളർ കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫിനൊപ്പം വരുന്ന 'വൈറ്റ് ഗോൾഡ്', കറുപ്പിൽ സ്വർണ്ണ നിറമുള്ള 'ബ്ലാക്ക് ഗോൾഡ്' എന്നിവയാണത്. ഈ രണ്ട് പതിപ്പുകൾക്കും ഗ്രിൽ, ഹെഡ്‌ലൈറ്റ്, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ബാഡ്ജിങ് എന്നിവയിൽ സൂക്ഷ്മമായ ഗോൾഡ് ആക്സൻറുകൾ നൽകിയിട്ടുണ്ട്. സഫാരി അഡ്വഞ്ചർ മോഡലിൽ കാണുന്നതുപോലെയുള്ള 18 ഇഞ്ച് ചാർക്കോൾ ബ്ലാക് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.

സഫാരി വൈറ്റ് ഗോൾഡ് ഡാഷ്‌ബോർഡിന് സവിശേഷമായ വെള്ള സ്വർണ്ണ മാർബിൾ ഫിനിഷ് ലഭിക്കുന്നു. അതിനൊപ്പം മറ്റ് ഗോൾഡ് ഇൻസർട്ടുകളും ഉണ്ട്. സഫാരി ബ്ലാക്ക് ഗോൾഡിന് ഡാഷ്‌ബോർഡിൽ കറുപ്പും ഗോൾഡും നിറമുള്ള മാർബിൾ ഫിനിഷ് ലഭിക്കും. ഇതിനുപുറമെ, രണ്ട് പതിപ്പുകൾക്കും ബാഡ്ജുകൾ, എസി വെൻറുകൾ, ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഡോർ ഹാൻഡിലുകൾ എന്നിവയിൽ സ്വർണ്ണ ആക്സൻറുകളും ലഭിക്കും.

നിലവിലെ ടോപ്പ്-സ്പെക് വേരിയൻറായ എക്സ് ഇസഡ് എ പ്ലസിൽ ലഭ്യമായതിനേക്കാൾ കൂടുതൽ സവിശേഷതകൾ വാഹനത്തിനുണ്ട്. ഒന്നും രണ്ടും നിരകളിൽ വെൻറിലേറ്റഡ് ലെതർ സീറ്റുകൾ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിന്നീടുള്ള മൂന്ന് സവിശേഷതകളും സഫാരി അഡ്വഞ്ചർ എഡിഷനിൽ വാഗ്ദാനം ചെയ്യുന്നതാണ്.

ഐപിഎല്ലിൽ ടാറ്റ 'സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച്' നടത്തുന്നുണ്ട്. ബാറ്റ്സ്മാൻ സിക്സറടിച്ച പന്ത് കാറിലോ, ഡിസ്പ്ലേ പോഡിയത്തിലോ സഫാരി ഗോൾഡ് പരസ്യ ബോർഡിലോ പതിക്കുമ്പോൾ കോവിഡ്-19 ദുരിതാശ്വാസത്തിനായി അക്ഷയപാത്ര ഫൗണ്ടേഷന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് ടാറ്റ പറയുന്നു. 2021 ഫെബ്രുവരിയിലാണ് പുതിയ സഫാരിയെ കമ്പനി അവതരിപ്പിക്കുന്നത്. പൂനെയ്ക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്.

പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.

ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു. 2.0 ലിറ്റർ  ടർബോ ചാർജ്ഡ്  കെയ്റോടെക് എഞ്ചിൻ, അതിൻറെ 2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ,  8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്. എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് ക്രെറ്റ, തുടങ്ങിയവരാണ് സഫാരിയിലെ പ്രധാന എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!