
ഇന്ത്യൻ വാഹന വിപണിയിലെ ഹൈബ്രിഡ് ശ്രേണിയിൽ വമ്പൻ വിൽപ്പനയുമായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് (TKM). 2025 സാമ്പത്തിക വർഷത്തിൽ കമ്പനി 80,000-ത്തിലധികം ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഈ കണക്കുകൾ അനുസരിച്ച് കമ്പനിക്ക് ഈ വിഭാഗത്തിൽ 79 ശതമാനം വിഹിതം ഉണ്ട്. ഇന്ത്യയിൽ വിൽക്കുന്ന ഓരോ നാല് ഹൈബ്രിഡ് കാറുകളിലും മൂന്നെണ്ണം ടൊയോട്ടയിൽ നിന്നാണെന്ന് ഈ കണക്ക് കാണിക്കുന്നു. ടൊയോട്ടയുടെ ഹൈബ്രിഡ് വാഹന നിരയിൽ ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ, കാംറി, വെൽഫയർ തുടങ്ങിയ നാല് പ്രധാന മോഡലുകൾ ഉൾപ്പെടുന്നു. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 26.8% ഈ ഹൈബ്രിഡ് മോഡലുകളിൽ നിന്നാണ് എന്നാണ് കണക്കുകൾ. ഈ വിൽപ്പന കണക്കുകൾ വിശദമായി പരിശോധിക്കാം.
ടൊയോട്ടയുടെ പോർട്ട്‌ഫോളിയോയിൽ നിലവിൽ ഒരു ഇലക്ട്രിക് വാഹനവും (ഇവി) ഇല്ല. പെട്രോൾ വാഹനങ്ങളാണ് 38.6 ശതമാനം അതായത് മൊത്തം വിൽപ്പനയുടെ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. ഡീസൽ വാഹനങ്ങൾ 25.6% ഉം സിഎൻജി വാഹനങ്ങൾ 9.1% ഉം സംഭാവന ചെയ്തു, ഇതിൽ 28,089 യൂണിറ്റുകൾ ഉൾപ്പെടുന്നു. ഹൈബ്രിഡ് വാഹനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ആയിരുന്നു. ഇത് മാത്രം 53,005 യൂണിറ്റുകൾ വിറ്റഴിക്കുകയും മുഴുവൻ സെഗ്‌മെന്റിലും ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
തൊട്ടുപിന്നാലെ 26,834 യൂണിറ്റുകൾ വിറ്റഴിച്ച അർബൻ ക്രൂയിസർ ഹൈറൈഡർ ആണുള്ളത്. 1,865 യൂണിറ്റുകൾ വിറ്റഴിച്ച ടൊയോട്ട കാമ്രി മൂന്നാം സ്ഥാനത്തും 1,155 യൂണിറ്റുകൾ വിറ്റഴിച്ച വെൽഫയർ പട്ടികയിൽ ഏറ്റവും താഴെയുമാണ്. ഈ വിൽപ്പന കണക്കുകൾ ടൊയോട്ട ഇന്ത്യയിലെ ഹൈബ്രിഡ് വിഭാഗത്തിലെ ഏറ്റവും ശക്തമായ സാനിധ്യമാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകളിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നു എന്നതിനും ഇത് തെളിവാകുന്നു.
ഇനി കമ്പനി ഏറ്റവും കൂടുതൽ വിറ്റ ടൊയോട്ട ഇന്നോവ ഹൈക്രോസിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കുകയാണെങ്കിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ വില 19.94 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ് മോഡലിന് 32.58 ലക്ഷം രൂപ വരെ ഉയരുന്നു. ഈ കാർ 11 വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ ആറ് എയർബാഗുകൾ, അഡ്വാൻസ്‍ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ്, 360-ഡിഗ്രി ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ലഭിക്കും. ഇതിനുപുറമെ, പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സുഖസൗകര്യങ്ങളും ഇതിന് ലഭിക്കുന്നു.