
ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡിയുടെ ആർഎസ് ക്യു8 പെർഫോമൻസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ന് (ഫെബ്രുവരി 17) ന് ഇന്ത്യയിൽ പുറത്തിറങ്ങും. പെർഫോമൻസ് എസ്‌യുവിയുടെ മിഡ്-ലൈഫ് അപ്‌ഡേറ്റായിട്ടാണ് ഈ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. പുറത്തും ക്യാബിനകത്തും നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങളോടെയാണ് ഈ പതിപ്പ് വരുന്നത്. പരമാവധി ടോർക്ക് 850 എൻഎം വാഗ്ദാനം ചെയ്യുന്ന വി8 എഞ്ചിനുള്ള ഫുൾ ലോഡഡ് വേരിയന്റിലാണ് ഓഡി ആർഎസ് ക്യു8 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ശക്തമായ വി8 എഞ്ചിനുള്ള എസ്‌യുവി ആണിത്. അഞ്ച് ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ഔഡി ഇതിനകം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ ഡെലിവറികൾ പ്രതീക്ഷിക്കുന്നു.
4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഓഡി RS Q8 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 640 bhp പരമാവധി പവറും 850 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. അതായത്, നിലവിലുള്ള മോഡലിനേക്കാൾ 40 bhp അധിക പവറും 50 Nm അധിക ടോർക്കും ഓഡി RS Q8 ഫെയ്‌സ്‌ലിഫ്റ്റ് ഉത്പാദിപ്പിക്കുന്നു. അപ്‌ഡേറ്റ് ചെയ്ത ഓഡി RS Q8 പെർഫോമൻസ് എസ്‌യുവിക്ക് 3.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
ഔഡി ആർഎസ് ക്യു8 ഫെയ്‌സ്‌ലിഫ്റ്റിന്റെ പുറംഭാഗത്ത് നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീലുകൾക്കായുള്ള പുതിയ സ്റ്റൈലിംഗ്, പുതുക്കിയ ഫ്രണ്ട് ഫാസിയ, ലൈറ്റിംഗ് പാക്കേജ് എന്നിവയാണ് ഡിസൈൻ മാറ്റങ്ങളിൽ പ്രധാനം. ഇതിന് പൂർണ്ണ എൽഇഡി ലൈറ്റ് പാക്കേജ് ലഭിക്കുന്നു. ക്യാബിനുള്ളിൽ, ഓഡി ആർഎസ് ക്യു8 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ സ്‌പോർട്‌സ് സീറ്റുകളും ഡ്യുവൽ സ്‌ക്രീൻ പാക്കേജും ലഭിക്കുന്നു. ക്വാഡ്-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയവ മറ്റ് ചില പ്രധാന മാറ്റങ്ങളാണ്. ഫീച്ചർ ഫ്രണ്ടിൽ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും എസ്‌യുവിയിൽ ഉൾപ്പെടുന്നു.
ഔഡി ഇന്ന് RS Q8 ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിക്കും. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 2.3 കോടി രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഓഡി RS Q8 ഫെയ്‌സ്‌ലിഫ്റ്റ് ലംബോർഗിനി ഉറുസ് SE , പോർഷെ കയെൻ GTS തുടങ്ങിയ കാറുകൾക്കും മസെരാട്ടിയുടെ കാറുകൾക്കും എതിരാളികളായിരിക്കും.