
വരും ദിവസങ്ങളിൽ ശക്തവും സ്റ്റൈലിഷുമായ ഒരു ലൈഫ്‌സ്റ്റൈൽ പിക്കപ്പ് വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇതാ ഒരു കിടലൻ ലൈഫ് സ്റ്റൈൽ പിക്കപ്പ് സ്വന്തമാക്കാൻ നിങ്ങൾക്കൊരു സുവർണാവലരം. ടൊയോട്ട തങ്ങളുടെ ശക്തമായ പിക്കപ്പ് ട്രക്കായ ഹിലക്‌സിന് ഈ മാസം വൻ കിഴിവ് പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 1.10 ലക്ഷം രൂപ വരെ ലാഭിക്കാൻ കമ്പനി ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. ഓഫ്-റോഡിംഗ് ശേഷി, പ്രീമിയം സവിശേഷതകൾ, ശക്തമായ പവർട്രെയിൻ എന്നിവയ്ക്ക് ഇതിനകം തന്നെ പേരുകേട്ടതാണ് ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്കുകൾ.
പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ടൊയോട്ട ഹിലക്‌സിന് കരുത്ത് പകരുന്നത് 2.8 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ്, ഇത് ഏകദേശം 201bhp പവറും 420–500Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ പിക്കപ്പ് ട്രക്ക് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്. ശക്തമായ എഞ്ചിനും സുഗമമായ ട്രാൻസ്മിഷനും കാരണം, ലോംഗ് ഡ്രൈവുകൾ മുതൽ കഠിനമായ ഓഫ്-റോഡിംഗ് വരെ എല്ലായിടത്തും ഹിലക്സ് വിശ്വസനീയമായ പ്രകടനം നൽകുന്നു.
ടൊയോട്ട ഹിലക്സ് അതിന്റെ പ്രീമിയം ഫീച്ചറുകൾക്കും പേരുകേട്ടതാണ്. 4x4 ഡ്രൈവ്ട്രെയിൻ, ലോക്കിംഗ് ഡിഫറൻഷ്യൽ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകൾ ഓഫ്-റോഡിംഗ് എളുപ്പമാക്കുന്നു. അതേസമയം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നിരവധി ആധുനിക സാങ്കേതിക സവിശേഷതകൾ എന്നിവ ഇതിന് ഒരു ആഡംബര അനുഭവം നൽകാൻ സഹായിക്കുന്നു. ടൊയോട്ട ഹിലക്‌സിന് 30.40 ലക്ഷം രൂപ മുതൽ 37.90 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. അതേസമയം രാജ്യത്തെ വിവിധ നഗരങ്ങൾക്ക് അനുസരിച്ച് ഓൺ-റോഡ് വില വ്യത്യാസം വരാം.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.