
ടൊയോട്ട കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഒക്ടോബറിൽ ആകർഷകമായ ഓഫറുകൾ. ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകൾ മുതൽ പ്രീമിയം എസ്‌യുവിയായ ലാൻഡ് ക്രൂയിസർ 300 വരെ വിവിധ കാറുകൾക്ക് കമ്പനി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഒക്ടോബറിൽ ലഭിക്കുന്ന ഓഫറുകൾ മോഡലിനും വേരിയന്റിനും അനുസരിച്ച് 10,000 രൂപ മുതൽ 13.38 രൂപ ലക്ഷം വരെയാണ്. കാർടോക്ക് റിപ്പോർട്ട് അനുസരിച്ച്, ലാൻഡ് ക്രൂയിസർ 300-ന്റെ 2025 മോഡൽ ഇയർ സ്റ്റോക്കിനാണ് ഏറ്റവും ഉയർന്ന ആനുകൂല്യം. ക്യാഷ് ഡിസ്‌കൗണ്ടുകൾക്ക് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, ഫിനാൻസ് ആനുകൂല്യങ്ങൾ, ടി സെക്യൂർ പാക്കേജ്, ആക്‌സസറികൾ എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ പരമാവധി ആനുകൂല്യത്തുക മുഴുവൻ നേരിട്ടുള്ള വിലക്കിഴവാണെന്ന് കരുതരുത്.
ടൊയോട്ട ഗ്ലാൻസയ്ക്ക് പഴയ ടൊയോട്ട കാർ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ പരമാവധി 40,000 രൂപ വരെ ലഭിക്കും. അർഹരായ സർക്കാർ ജീവനക്കാർ, ഗ്രാമീണ ഉപഭോക്താക്കൾ, ടി-സ്പർശ് ഉപഭോക്താക്കൾ എന്നിവർക്ക് 5,000 രൂപ അധിക ആനുകൂല്യവും ലഭിക്കും. എല്ലാ ഓഫറുകളും ഉൾപ്പെടുമ്പോൾ ഗ്ലാൻസയിലെ മൊത്തം ആനുകൂല്യം 70,000 രൂപ വരെയാകാം. ടൊയോട്ട അർബൻ ക്രൂയിസർ ടൈസറിന്റെ സാധാരണ വേരിയന്റുകൾക്ക് ₹25,000 ക്യാഷ് ഡിസ്‌കൗണ്ടും ₹20,000 വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കും. ഇതോടെ മൊത്തം ആനുകൂല്യം ₹45,000 വരെയാകും. ടർബോ ഇതര, സിഎൻജി വേരിയന്റുകൾക്ക് ₹20,000 ക്യാഷ് ഡിസ്‌കൗണ്ടും ₹20,000 എക്‌സ്‌ചേഞ്ച് ആനുകൂല്യവും ഉൾപ്പെടെ ₹40,000 വരെ ലഭിക്കാം.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിന് ₹25,000 ക്യാഷ് ഡിസ്‌കൗണ്ട്, ₹50,000 വരെ ഫിനാൻസ് ആനുകൂല്യം, പഴയ ടൊയോട്ട കാർ കൈമാറുമ്പോൾ ₹50,000 വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം എന്നിവ ലഭിക്കും. മറ്റ് കമ്പനികളുടെ തിരഞ്ഞെടുത്ത കാറുകൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ₹10,000 അധിക ആനുകൂല്യവും അർഹരായ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ₹25,000 വരെയും ലഭിക്കാം. ബാധകമായ സ്കീമുകളും ഉപഭോക്തൃ യോഗ്യതയും അനുസരിച്ച് ഹൈറൈഡറിലെ മൊത്തം ആനുകൂല്യം ₹1.25 ലക്ഷം വരെയാകാം. നിയോഡ്രൈവ്, സിഎൻജി വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും അർഹരായ ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച്, ഫിനാൻസ് ആനുകൂല്യങ്ങളും ലഭ്യമാണ്.
ടൊയോട്ട റൂമിയണിന്റെ നിയോഡ്രൈവ് വേരിയന്റിന് ₹15,000 ക്യാഷ് ഡിസ്‌കൗണ്ടും സിഎൻജി വേരിയന്റിന് ₹10,000 ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. പിക്കപ്പ് ട്രക്കായ ടൊയോട്ട ഹൈലക്സിനും വേരിയന്റ് അനുസരിച്ച് ആക്‌സസറി ആനുകൂല്യങ്ങളുണ്ട്. വിഎക്‌സ് 4x4 എടി വേരിയന്റിന് ₹39,000 വരെയും ജിഎക്‌സ് 4x2 എടി വേരിയന്റിന് ₹37,000 വരെയും ജിഎക്‌സ് 4x4 എടി വേരിയന്റിന് ₹10,700 വരെയും ആനുകൂല്യങ്ങൾ ലഭിക്കാം.
ടൊയോട്ട കാമ്രി എലഗന്റ് എഡിഷന് 1.75 ലക്ഷം ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, ടി സെക്യൂർ പാക്കേജ്, ആക്‌സസറികൾ എന്നിവ ഉൾപ്പെടെ മൊത്തം ആനുകൂല്യം ₹3,27,416 വരെയാകാം. കാമ്രി സ്പ്രിന്റ് എഡിഷന് ₹1.25 ലക്ഷം ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ബാധകമായ മറ്റ് ആനുകൂല്യങ്ങൾ കൂടി കണക്കാക്കുമ്പോൾ മൊത്തം ആനുകൂല്യം ₹2,77,416 വരെയാകാം. തിരഞ്ഞെടുത്ത ഇടപാടുകൾക്ക് ₹2.60 ലക്ഷം വരെയുള്ള ഫിനാൻസ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ടൊയോട്ടയുടെ ഏറ്റവും വലിയ ഓഫർ ലാൻഡ് ക്രൂയിസർ 300-ന്റെ 2025 മോഡൽ ഇയർ സ്റ്റോക്കിനാണ്. പരമാവധി ₹13,37,980 വരെയുള്ള ആനുകൂല്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 7 ലക്ഷം ക്യാഷ് ഡിസ്‌കൗണ്ട്, 7.30 ലക്ഷം രൂപ വരെയുള്ള ഫിനാൻസ് ആനുകൂല്യം, പഴയ ടൊയോട്ട കാർ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 50,000 രൂപ, 5,37,980 രൂപ വിലയുള്ള ടി സെക്യൂർ പാക്കേജ്, ₹50,000 വിലയുള്ള ആക്‌സസറി അല്ലെങ്കിൽ എക്സ്റ്റീരിയർ പാക്കേജ് എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം നിബന്ധനകൾക്ക് വിധേയമായ ആനുകൂല്യങ്ങളാണ്.
അതേസമയം, ടൊയോട്ട ഫോർച്യൂണർ നിയോഡ്രൈവിന് 59,000 രൂപ വരെയും ലെജൻഡർ നിയോഡ്രൈവിന് ₹47,000 വരെയും ലിസ്റ്റ് ചെയ്ത ക്യാഷ് ആനുകൂല്യങ്ങളുണ്ട്. ഡീലർഷിപ്പ്, വേരിയന്റ്, സ്റ്റോക്ക്, ഉപഭോക്താവിന്റെ വിഭാഗം, എക്‌സ്‌ചേഞ്ച്, ഫിനാൻസ് സ്കീമുകൾ എന്നിവ അനുസരിച്ച് ഓഫറുകളിൽ മാറ്റമുണ്ടാകാം. കാർ വാങ്ങുന്നതിന് മുമ്പ് അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പിൽ നിന്ന് കൃത്യമായ ആനുകൂല്യങ്ങളും യോഗ്യതാ നിബന്ധനകളും ഉറപ്പാക്കുന്നതാണ് ഉചിതം.