
ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പുതുക്കിയ പതിപ്പ് എത്തുന്നു. 2022 അവസാനത്തോടെ വിപണിയിലെത്തിയ പ്രീമിയം എംപിവി ഇതിനകം 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഹൈബ്രിഡ് സാങ്കേതികവിദ്യ, വിശാലമായ ഇന്റീരിയർ, സുരക്ഷാ ഫീച്ചറുകൾ, ടൊയോട്ടയുടെ വിശ്വാസ്യത എന്നിവയാണ് വാഹനത്തിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ, വാഹനത്തിന്റെ ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 25ന് (2026) അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
പുതിയ മോഡലിന്റെ വരവിന് മുന്നോടിയായി വാഹനത്തിന്റെ ആദ്യ ടീസർ ചിത്രം ടൊയോട്ട പുറത്തുവിട്ടു. പുതുക്കിയ മുൻഭാഗത്തിന്റെ സൂചനകളാണ് ടീസർ ചിത്രത്തിലുള്ളത്. ടൊയോട്ട ടൈസറിന് സമാനമായ എൽഇഡി ഡിആർഎൽ സിഗ്നേച്ചറുകളുള്ള പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റാണ് പ്രധാന ആകർഷണം. ഇതിനുപുറമെ, പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകൾ, പുതുമയുള്ള അലോയ് വീലുകൾ, പരിഷ്കരിച്ച ടെയിൽലാമ്പുകൾ എന്നിവയും പുതിയ ഇന്നോവ ഹൈക്രോസിൽ പ്രതീക്ഷിക്കാം. മൊത്തത്തിലുള്ള രൂപത്തിൽ കൂടുതൽ ആകർഷകമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന.
നിലവിലുള്ള നിറങ്ങൾക്ക് പുറമെ പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ടൊയോട്ട അവതരിപ്പിച്ചേക്കും. നിലവിൽ പ്ലാറ്റിനം വൈറ്റ് പേൾ, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, സിൽവർ മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സൂപ്പർ വൈറ്റ് എന്നീ നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്. അതേസമയം, വാഹനത്തിന്റെ അളവുകളിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 4,755 എംഎം നീളവും 1,845 എംഎം വീതിയും 1,795 എംഎം ഉയരവുമാണ് നിലവിലെ മോഡലിനുള്ളത്. 2,850 എംഎം വീൽബേസും 185 എംഎം ഗ്രൗണ്ട് ക്ലിയറൻസും 300 ലിറ്റർ ബൂട്ട് സ്പേസും തുടർന്നേക്കും.
പുതിയ ഇന്നോവ ഹൈക്രോസിന്റെ അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന് പകരം 12.3 ഇഞ്ച് വലുപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ലഭിച്ചേക്കും. ഇതോടൊപ്പം 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച കിജാങ് ഇന്നോവ സെനിക്സിൽ ഈ രണ്ട് ഫീച്ചറുകളും ഉൾപ്പെടുത്തിയിരുന്നു. പുതിയ ക്യാബിൻ തീം, സീറ്റ് അപ്‌ഹോൾസ്റ്ററി, ഇന്റീരിയർ ട്രിമ്മുകൾ എന്നിവയിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
പുതിയ മോഡലിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് ഫ്ലെക്സ് ഫ്യൂവൽ സാങ്കേതികവിദ്യയായിരിക്കും. ഈ സംവിധാനമുള്ള സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനുമായി എത്തുന്ന ടൊയോട്ടയുടെ ആദ്യ മോഡലായി ഇന്നോവ ഹൈക്രോസ് മാറിയേക്കും. നിലവിലെ 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എൻജിൻ തന്നെ നിലനിർത്താനാണ് സാധ്യത. എന്നാൽ ഉയർന്ന അളവിൽ എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ എൻജിനിൽ മാറ്റങ്ങൾ വരുത്തും. 2024ൽ എഥനോൾ ഇന്ധനത്തിന് അനുയോജ്യമായ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് പ്രോട്ടോടൈപ്പ് ടൊയോട്ട പ്രദർശിപ്പിച്ചിരുന്നു.
വിലയുടെ കാര്യത്തിൽ വലിയ വർധനയുണ്ടാകില്ലെന്നാണ് സൂചന. നിലവിൽ 19.53 ലക്ഷം രൂപ മുതൽ 31.84 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിന്റെ എക്സ്-ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇതിനെക്കാൾ നേരിയ വിലവർധന മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡൽ വിപണിയിലെത്തുന്നതോടെ മാരുതി സുസുക്കി ഇൻവിക്ടോ, കിയ കാരൻസ് ക്ലാവിസ് എന്നിവരോടായിരിക്കും ഇന്നോവ ഹൈക്രോസിന്റെ പ്രധാന മത്സരം.