ഹ്യുണ്ടായിയുടെ ഈ മൂവർസംഘത്തിന് വൻ ഡിമാൻഡ്, 65 ശതമാനം പേരും ഇവരെ തേടിയെത്തുന്നു

Published : Jul 21, 2025, 12:31 PM IST
Hyundai

Synopsis

2025 ജൂണിൽ ഹ്യുണ്ടായിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്രെറ്റ, വെന്യു, എക്സ്റ്റർ എന്നീ മൂന്ന് എസ്‌യുവികൾ മാത്രം മൊത്തം വിൽപ്പനയുടെ 65 ശതമാനം സംഭാവന ചെയ്തു.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി കാറുകൾ വളരെ ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞ മാസത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അതായത് 2025 ജൂൺ മാസത്തിൽ, ഹ്യുണ്ടായിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായിക്ക് ആകെ 44,024 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ഈ കാലയളവിൽ ഹ്യുണ്ടായിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2024 ജൂണിൽ, ഈ കണക്ക് 50,103 യൂണിറ്റായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കമ്പനിയുടെ മൂന്ന് എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, വെന്യു, എക്സ്റ്റർ എന്നിവ മാത്രം കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 65 ശതമാനത്തിൽ അധികം സംഭാവന നൽകി എന്നതാണ്.

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ കഴിഞ്ഞ മാസം ആകെ 15,786 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ക്രെറ്റയുടെ വിൽപ്പനയിൽ  വാർഷികാടിസ്ഥാനത്തിൽ മൂന്ന് ശതമാനം ഇടിവ് സഭവിച്ചു. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി വെന്യു മൊത്തം 6,858 യൂണിറ്റുകൾ വിറ്റു. വെന്യു വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 31 ശതമാനം ഇടിവ്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടായി എക്‌സ്റ്റർ ഈ കാലയളവിൽ 5,873 യൂണിറ്റ് എസ്‌യുവികൾ വിറ്റു. എക്സ്റ്ററിനും വാർഷികാടിസ്ഥാനത്തിൽ 15 ശതമാനം വിൽപ്പന ഇടിവ് സംഭവിച്ചു. മൂന്ന് എസ്‌യുവികളും ചേർന്ന് ആകെ 28,517 യൂണിറ്റുകൾ വിറ്റു.  ഇത് ഹ്യുണ്ടായി ഇന്ത്യയുടെ മൊത്തം വിൽപ്പനയിൽ 65 ശതമാനം വിഹിതമാണ്.

ഇനി ക്രെറ്റയെക്കുറിച്ച് പറയുകയാണെങ്കിൽ പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ശബ്ദശേഷിയുള്ള പനോരമിക് സൺറൂഫ് തുടങ്ങിയ മികച്ച സവിശേഷതകളാണ് ഹ്യുണ്ടായി ക്രെറ്റയുടെ ക്യാബിനിൽ ഉള്ളത്. പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, എസ്‌യുവിയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയുണ്ട്. ഹ്യുണ്ടായി ക്രെറ്റയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 11 ലക്ഷം മുതൽ 20.30 ലക്ഷം വരെയാണ്.

അതേസമയം ഹ്യുണ്ടായി വെന്യുവിന്‍റെ പരിഷ്‍കരിച്ച പതിപ്പ് ഉടൻ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഇനി ഹ്യുണ്ടായി എക്‌സ്റ്ററിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എക്സ്റ്റർ അടുത്തിടെ രണ്ട് വർഷം പൂർത്തിയാക്കിയിരുന്നു. സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ടാറ്റ പഞ്ചിനോട് മത്സരിക്കുന്നതിനായിരുന്നു എക്‌സ്റ്ററിന്‍റെ വരവ്. 2023 ജൂലൈ 10 ന് ആദ്യ ഹ്യുണ്ടായി എക്‌സ്റ്റർ പുറത്തിറങ്ങി. ലോഞ്ച് ചെയ്തതിനുശേഷം, പഞ്ചിന് കടുത്ത വെല്ലുവിളി ഉയർത്താൻ ഹ്യുണ്ടായി എക്‌സ്റ്ററിന് കഴിഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ 165,899 ഹ്യുണ്ടായി എക്സ്റ്ററുകൾ വിറ്റഴിക്കപ്പെട്ടു. ഇതിനുപുറമെ, ഹ്യുണ്ടായി 6,490 യൂണിറ്റ് എക്‌സ്റ്റർ ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്തു എന്നാണ് കണക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

പുതിയ സെൽറ്റോസ് വരുന്നു: ഡിസൈൻ രഹസ്യങ്ങൾ
ഇന്ത്യയിലെ അഞ്ച് അതീവ സുരക്ഷിത വാഹനങ്ങൾ, വിലയും തുച്ഛം