
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി കുതിപ്പിലാണ്. 2026 സെപ്റ്റംബറിൽ മാത്രം രാജ്യത്ത് വിറ്റഴിച്ചത് 35,048 ഇലക്ട്രിക് വാഹനങ്ങളാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 95.4 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. 42.2 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം നിലനിർത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു എംജി മോട്ടോർ, വിൻഫാസ്റ്റ് എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡലുകളുമായി വിപണി പിടിക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടാറ്റ, മഹീന്ദ്ര, ഹോണ്ട തുടങ്ങിയ കമ്പനികൾ 2027ന്റെ ആദ്യ പകുതിയിൽ നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും. ഇതിൽ ഏറെ ശ്രദ്ധേയമാകുന്ന 5 ഇലക്ട്രിക് എസ്യുവികൾ പരിചയപ്പെടാം.
ടാറ്റ പഞ്ച് ഇവിക്ക് എതിരാളിയായി പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ്. 2027 മാർച്ചോടെ വാഹനം വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ എച്ച്ഇ1ഐ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന് ഹ്യുണ്ടായ് അയോണിക് പി എന്നായിരിക്കും പേരെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ് റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വാഹനം എത്തും. ഹ്യുണ്ടായിയുടെ ഇ-ജി.എം.പി (കെ) പ്ലാറ്റ്ഫോമിലായിരിക്കും നിർമാണം. ചൈനീസ് കമ്പനിയായ എസ്വോൾട്ടിൽ നിന്നായിരിക്കും ആദ്യഘട്ടത്തിൽ ബാറ്ററി സെല്ലുകൾ എത്തിക്കുക.
ഹോണ്ടയുടെ പുതിയ ഇലക്ട്രിക് എസ്യുവിയായ ആൽഫ 0യുടെ പ്രൊഡക്ഷൻ പതിപ്പ് 2026 ഡിസംബർ 2ന് ഔദ്യോഗികമായി അവതരിപ്പിക്കും. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 65 കിലോവാട്ട് അവർ മുതൽ 75 കിലോവാട്ട് അവർ വരെ ശേഷിയുള്ള രണ്ട് എൽ.എഫ്.പി ബാറ്ററി ഓപ്ഷനുകൾ ലഭിക്കുമെന്നാണ് സൂചന. ഒറ്റ ഇലക്ട്രിക് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമായിരിക്കും വാഹനത്തിലുണ്ടാകുക. മഹീന്ദ്ര ബി.ഇ 6, ടാറ്റ സിയറ ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടൊയോട്ട എബെല്ല, മാരുതി ഇവിറ്റാര എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
2026 ഡിസംബറിൽ പുതിയ ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. വാഹനത്തിന്റെ പേര് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. മഹീന്ദ്ര വിഷൻ എസ് സബ്കോംപാക്ട് എസ്യുവിയുടെ പ്രൊഡക്ഷൻ പതിപ്പായിരിക്കും വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ബോക്സി ഡിസൈനും കരുത്തുറ്റ രൂപഭാവവുമുള്ള വാഹനം സ്കോർപിയോ കുടുംബത്തിന്റെ ഭാഗമായേക്കും. കമ്പനിയുടെ പുതിയ എൻ.യു_ഐ.ക്യു പ്ലാറ്റ്ഫോമിലായിരിക്കും നിർമാണം.
ടാറ്റ മോട്ടോഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് സഫാരി ഇവി. നേരത്തെ നിശ്ചയിച്ചിരുന്ന ലോഞ്ച് മാറ്റിവെച്ചതോടെ 2027 ജനുവരിയിലായിരിക്കും വാഹനം വിപണിയിലെത്തുക. ആക്ടീവ്.ഇവി പ്ലസ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എസ്യുവിയിൽ ഹാരിയർ ഇവിയിലേതിന് സമാനമായ 65 കിലോവാട്ട് അവർ, 75 കിലോവാട്ട് അവർ ബാറ്ററി പാക്കുകൾ പ്രതീക്ഷിക്കാം. കൂടാതെ 80 കിലോവാട്ട് അവർ ബാറ്ററി ഓപ്ഷനും ലഭിച്ചേക്കും. മഹീന്ദ്ര എക്സ്.ഇ.വി 9എസ്, എംജി ഹെക്ടർ ടോമാഹോക്ക് ഇവി എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഇലക്ട്രിക് വാഹന ശ്രേണിയായ അവിന്യയിൽ നിന്നുള്ള ആദ്യ എസ്യുവി അടുത്ത വർഷം ആദ്യത്തോടെ വിപണിയിലെത്തും. കഴിഞ്ഞ വർഷം ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച അവിന്യ എക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ഇത്. ജെ.എൽ.ആറിന്റെ ഫ്രീലാൻഡർ പ്ലാറ്റ്ഫോമിൽ നിന്ന് വികസിപ്പിച്ചെടുത്ത ആർക്കിടെക്ചറിലായിരിക്കും വാഹനം നിർമിക്കുക. ഡ്യുവൽ മോട്ടോർ സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ വാഹനത്തിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.