
ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ, കഴിഞ്ഞ 10 വർഷമായി ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണി ഭരിക്കുന്നു. ഈ സമയത്ത്, ഫോർഡ് എൻഡവർ, പജേറോ, ജീപ്പ് മെറിഡിയൻ എന്നിവയ്ക്ക് പോലും അതിന്റെ ആധിപത്യം തകർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മൂന്ന് പുതിയ 7 സീറ്റർ പ്രീമിയം എസ്‌യുവികൾ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു. ഇതിൽ എംജിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മജസ്റ്റർ, ഫോക്‌സ്‌വാഗന്റെ ടൈറോൺ, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫോർഡ് എൻഡവറിന്റെ തിരിച്ചുവരവ് എന്നിവ ഉൾപ്പെടുന്നു. ഇതാ ഇവയെക്കുറിച്ച് വിശദമായി അറിയാം.
എംജി മജസ്റ്റർ
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മജസ്റ്റർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ ഇത് അവതരിപ്പിച്ചു. പ്രീമിയം എംജി സെലക്ട് ഡീലർഷിപ്പുകളിൽ നിന്നാണ് കമ്പനി ഇത് വിൽക്കുന്നത്. മജസ്റ്റർ പുറത്തിറങ്ങിയതിനുശേഷവും ഗ്ലോസ്റ്റർ നിർത്തലാക്കില്ല. ചൈന-സ്പെക്ക് മാക്‌സസ് ഡി 90 അടിസ്ഥാനമാക്കി, ഈ എസ്‌യുവിക്ക് ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ലെവൽ-2 എഡിഎഎസ്, നൂതന സുരക്ഷാ സവിശേഷതകൾ എന്നിവ ലഭിക്കും. അതേസമയം, പവർട്രെയിനായി 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഇതിനുണ്ടാകും.
ഫോർഡ് എൻഡവർ
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് 2026 ൽ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇപ്പോൾ ഏറ്റവും വലിയ പ്രതീക്ഷ എൻഡവർ വീണ്ടും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും എന്നതാണ്. ശക്തമായ ഓഫ്-റോഡ് സാന്നിധ്യം, മികച്ച റൈഡ് നിലവാരം, പ്രീമിയം സവിശേഷതകൾ എന്നിവ കാരണം എൻഡവർ എപ്പോഴും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലാണ്. എൻഡവർ ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവ് നടത്തിയാൽ, ഫോർച്യൂണറിന് ഏറ്റവും വലിയ തലവേദനയായി ഇത് മാറുമെന്ന് ഉറപ്പാണ്.
ഫോക്‌സ്‌വാഗൺ ടൈറോൺ
ഫോക്‌സ്‌വാഗൺ തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവി ടൈറോണും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇന്ത്യൻ റോഡുകളിൽ പരീക്ഷണത്തിനിടെ നിരവധി തവണ കണ്ടിട്ടുള്ള ടിഗ്വാന്റെ വലിയ പതിപ്പാണ് ഇതെന്നാണ് റിപ്പോട്ടുകൾ. 2025 ഒക്ടോബറോടെ കമ്പനി ഇത് പുറത്തിറക്കും. പവർട്രെയിനായി ടൈറോണിന് 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉണ്ടാകും. ഫോക്‌സ്‌വാഗന്റെ ഔറംഗാബാദ് പ്ലാന്റിൽ ഇത് പ്രാദേശികമായി അസംബിൾ ചെയ്യും.