
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ മോഡലുമായി എത്താനുള്ള നീക്കവുമായി വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ വിഎഫ് 8, വിഎഫ് 9 ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യയിൽ പേറ്റന്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും വലുപ്പമേറിയ മോഡലാണ് വിൻഫാസ്റ്റ് വിഎഫ് 9. ആഗോള വിപണിയിൽ കമ്പനിയുടെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ വിഎഫ് 9 ആറ് സീറ്റർ, ഏഴ് സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുന്ന തീയതി സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ആഗോള വിപണിയിൽ ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വിൻഫാസ്റ്റ് വിഎഫ് 9 ലഭിക്കുന്നത്. 123 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക്, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഓൾ വീൽ ഡ്രൈവ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. രണ്ട് വേരിയന്റുകൾക്കും 402 ബിഎച്ച്പി പരമാവധി കരുത്തും 620 എൻഎം ടോർക്കും ലഭിക്കും. ഇക്കോ വേരിയന്റിന് ഡബ്ല്യുഎൽടിപി മാനദണ്ഡപ്രകാരം 594 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലസ് വേരിയന്റിന് 579 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും.
ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 10 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെ ചാർജ് ചെയ്യാൻ 35 മിനിറ്റ് മതിയാകും. 7.7 കിലോവാട്ട്, 1.4 കിലോവാട്ട് പോർട്ടബിൾ ചാർജിങ് ഓപ്ഷനുകളും വാഹനത്തിലുണ്ട്. പൊതു ചാർജിങ് സംവിധാനത്തിൽ പ്ലഗ് ആൻഡ് ചാർജ്, ഓട്ടോ ചാർജ് സംവിധാനങ്ങളും ലഭിക്കും.
മിനിമലിസ്റ്റിക് രൂപകൽപ്പനയിലുള്ള ഡാഷ്ബോർഡാണ് വിഎഫ് 9ന് നൽകിയിരിക്കുന്നത്. 15.6 ഇഞ്ച് വലുപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും തിരഞ്ഞെടുത്ത വിപണികളിൽ പിന്നിലെ യാത്രക്കാർക്കായി 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കും. ഇക്കോ വേരിയന്റ് 7 സീറ്റർ ലേഔട്ടിൽ മാത്രമാണ് ലഭിക്കുന്നത്. പ്ലസ് വേരിയന്റിൽ 6, 7 സീറ്റ് ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാം. വലിയ പനോരമിക് ഗ്ലാസ് സൺറൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിങ്, 13 സ്പീക്കർ ഓഡിയോ സംവിധാനം, വയർലെസ് ചാർജിങ്, മൂന്ന് നിരകളിലെയും യാത്രക്കാർക്കായി ഒന്നിലധികം യുഎസ്ബി പോർട്ടുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എയർ വെന്റുകൾ, ക്യാബിൻ എയർ ക്വാളിറ്റി സംവിധാനം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 12-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജിങ് സീറ്റ് സൗകര്യങ്ങൾ എന്നിവയും വാഹനത്തിലുണ്ട്. ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കണക്ടഡ് കാർ സംവിധാനങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്.
വലുപ്പത്തിലും മുൻപന്തിയിൽ
5,118 മില്ലിമീറ്റർ നീളവും 2,254 മില്ലിമീറ്റർ വീതിയും 1,696 മില്ലിമീറ്റർ ഉയരവുമാണ് വിൻഫാസ്റ്റ് വിഎഫ് 9ന്റെ അളവുകൾ. 3,148 മില്ലിമീറ്ററാണ് വീൽബേസ്. 181 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിനുള്ളത്. മൂന്നാം നിര സീറ്റുകൾ മടക്കിയാൽ 926 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. കൂടാതെ 75 ലിറ്റർ ശേഷിയുള്ള ഫ്രങ്കും വാഹനത്തിലുണ്ട്. ഇന്ത്യയിൽ വിഎഫ് 9 അവതരിപ്പിച്ചാൽ, വലിയ ബാറ്ററി ശേഷി, ഓൾ വീൽ ഡ്രൈവ്, 7 സീറ്റർ സൗകര്യം, ദീർഘദൂര റേഞ്ച് എന്നിവയുടെ പേരിൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ ശ്രദ്ധേയമായ മത്സരത്തിന് വഴിയൊരുങ്ങിയേക്കും.