
26 പുതിയ മോഡലുകൾ ഉൾപ്പെടുന്ന ദീർഘകാല പദ്ധതി ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചു. 2030 ഓടെ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകൾ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. വൈവിധ്യമാർന്ന വില പരിധി ഉൾക്കൊള്ളുന്ന ആന്തരിക ജ്വലന എഞ്ചിൻ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ മിശ്രിതമായിരിക്കും ഈ നിര. ഒന്നിലധികം പവർട്രെയിൻ, മൾട്ടി-സെഗ്മെന്‍റ് തന്ത്രങ്ങൾ ഉപയോഗിച്ച്, ടാറ്റ മോട്ടോഴ്‌സിൽ നിന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നും വർദ്ധിച്ചുവരുന്ന മത്സരം നേരിടുന്ന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഹ്യുണ്ടായി കാറുകളുടെ പേരുകൾ ദക്ഷിണ കൊറിയൻ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതീക്ഷിക്കുന്ന മോഡലുകളെക്കുറിച്ച് അറിയാം.
ഹ്യുണ്ടായ് ബയോൺ
2026-ൽ മാരുതി ഫ്രോങ്ക്‌സിന്റെ എതിരാളിയായി ഹ്യുണ്ടായി ബയോൺ കോംപാക്റ്റ് ക്രോസ്ഓവർ വരും. ഹ്യുണ്ടായിയുടെ പുതിയ 1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റമായിരിക്കും ഇത്.
പുതുതലമുറ ഹ്യുണ്ടായി വെന്യു
മൂന്നാം തലമുറ ഹ്യുണ്ടായി വെന്യു 2025 ലെ ദീപാവലി സീസണിൽ നിരത്തിലിറങ്ങും. നിലവിലുള്ള എഞ്ചിൻ ലൈനപ്പ് നിലനിർത്തിക്കൊണ്ട്, സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് അകത്തും പുറത്തും കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും.
ഗ്രാൻഡ് ഐ10 ഇവി
2028 ഓടെ ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെയും വെന്യു സബ്കോംപാക്റ്റ് എസ്‌യുവിയുടെയും ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കാനും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നു.
ഹ്യുണ്ടായി എക്‌സ്റ്റർ ഫേസ്‌ലിഫ്റ്റ്
ഹ്യുണ്ടായി എക്‌സ്‌റ്റർ, വെർണ ഫെയ്‌സ്‌ലിഫ്റ്റുകൾ അടുത്ത വർഷത്തേക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ട് മോഡലുകളിലും കുറഞ്ഞ ഡിസൈൻ മാറ്റങ്ങളും കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകും.
പുതിയ ഹ്യുണ്ടായി i20
i20 ഹാച്ച്ബാക്കിനും അൽകാസർ എസ്‌യുവിക്കും മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ അടുത്ത വർഷം ഹ്യുണ്ടായി പുറത്തിറക്കും.
ഹ്യുണ്ടായ് അയോണിക് 9
2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച ഹ്യുണ്ടായി അയോണിക് 9 ഇലക്ട്രിക് എസ്‌യുവി 2026 ൽ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇ-ജിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ ഇവി ലോംഗ് റേഞ്ച് (ആർഡബ്ല്യുഡി, എഡബ്ല്യുഡി ഓപ്ഷനുകളോടെ), പെർഫോമൻസ് (എഡബ്ല്യുഡിയിൽ മാത്രം) എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ വരുന്നു.
ഹ്യുണ്ടായി ഇൻസ്റ്റർ ഇവി
2026 സാമ്പത്തിക വർഷത്തിൽ അപ്ഡേറ്റ് ചെയ്യേണ്ട ടാറ്റ പഞ്ച് ഇവിയുടെ എതിരാളി ആയിരിക്കും ഹ്യുണ്ടായി ഇൻസ്റ്റർ ഇവി. സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh ബാറ്ററി ഓപ്ഷനുകൾക്കൊപ്പം ഇത് എത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ .
ഹ്യുണ്ടായി HE1i
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് 2026 അവസാനത്തോടെ ഒരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് അവതരിപ്പിക്കും. HE1i എന്ന കോഡുനാമത്തിലാണ് ഇത് വികസിപ്പിക്കുന്നത്. സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹ്യുണ്ടായിയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇവിയായിരിക്കും ഇത്. ഈ കാറിന് 10 മുതൽ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.