ടൊയോട്ടയുടെ പുതിയ കുഞ്ഞൻ ലാൻഡ് ക്രൂയിസർ; എന്തൊക്കെ പ്രതീക്ഷിക്കാം?

Published : Jul 12, 2025, 03:04 PM IST
Toyota new baby Land Cruiser

Synopsis

2025 ഒക്ടോബറിൽ അരങ്ങേറ്റം കുറിക്കുന്ന ടൊയോട്ടയുടെ പുതിയ ലാൻഡ് ക്രൂയിസർ ഓഫ്-റോഡിംഗ് പ്രേമികൾക്ക് ആവേശം പകരുന്നു. ഐക്കണിക് ലാൻഡ് ക്രൂയിസർ പ്രാഡോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ മോഡലിന് പരുക്കൻ സ്റ്റൈലിംഗും നേരായുള്ള ലുക്കും ഉണ്ടായിരിക്കും.

2025 ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ടൊയോട്ടയുടെ പുതിയ കുഞ്ഞൻ ലാൻഡ് ക്രൂയിസറിനായി ഓഫ്-റോഡിംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാധാരണ ജനങ്ങൾക്കായുള്ള ഒരു മിനി-ഫോർച്യൂണർ എന്നും ഈ മോഡലിനെ വിളിക്കുന്നു. ഈ എസ്‍യുവിയുടെ പ്രൊഡക്ഷൻ മോഡലിന് ടൊയോട്ട എഫ്ജെ ക്രൂയിസർ എന്ന് പേരിടാനും സാധ്യതയുണ്ട്. ഈ പുതിയ ടൊയോട്ട ഓഫ്-റോഡ് എസ്‌യുവി 2026 അവസാനത്തോടെ തായ്‌ലൻഡിൽ ഉൽപ്പാദനം ആരംഭിക്കും. നിലവിൽ, ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നുമില്ല. എങ്കിലും, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിക്കായി ഒന്നിലധികം എസ്‌യുവികൾ വിലയിരുത്തിവരികയാണ്.

പേറ്റന്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്, നിർമ്മാണത്തിന് തയ്യാറായ ടൊയോട്ട എഫ്ജെ ക്രൂയിസർ അതിന്റെ കൺസെപ്റ്റ് പതിപ്പിൽ തന്നെ ഉറച്ചുനിൽക്കും എന്നാണ്. പരുക്കൻ സ്റ്റൈലിംഗും നേരായുള്ള ലുക്കും ഇതിൽ ഉൾപ്പെടുന്നു. ഐഎംവി ലാഡർ-ഫ്രെയിം ചേസിസിന്റെ പരിഷ്‍കരിച്ച പതിപ്പിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഐക്കണിക് ലാൻഡ് ക്രൂയിസർ പ്രാഡോയിൽ നിന്ന് അതിന്റെ ഡിസൈൻ പ്രചോദനം ലഭിക്കും. എസ്‌യുവിയിൽ ചതുരാകൃതിയിലുള്ള ഗ്രിൽ,  കട്ടിയുള്ള സി-പില്ലറുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു പൂർണ്ണ വലുപ്പത്തിലുള്ള സ്പെയർ വീൽ തുടങ്ങിയവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

ബമ്പറുകൾ, ഫെൻഡറുകൾ, സൈഡ് സ്‍കർട്ടുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള വലിയ പ്ലാസ്റ്റിക് ക്ലാഡിംഗ് അതിന്റെ പരുക്കൻ രൂപഭംഗി കൂടുതൽ മെച്ചപ്പെടുത്തും. പുതിയ ടൊയോട്ട ഓഫ്-റോഡ് എസ്‌യുവിക്ക് വിശാലമായ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരിക്കുമെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു, അതേസമയം അതിന്റെ വീൽബേസ് ഹിലക്സ് ചാമ്പിനും ഫോർച്യൂണറിനും സമാനമായിരിക്കും. അതായത് 2,750 എംഎം വരും. ഇതിന്റെ മൊത്തത്തിലുള്ള നീളം ഏകദേശം 4,500 എംഎം ആയിരിക്കും. ടൊയോട്ട എഫ്ജെ ക്രൂയിസറിന്റെ ക്യാബിനിൽ വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, എച്ച്‍യുഡി, എഡിഎഎസ് തുടങ്ങി നിരവധി നൂതന സവിശേഷതകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

വാഹനത്തിന്‍റെ എഞ്ചിൻ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ടൊയോട്ട എഫ്‍ജെ ക്രൂയിസറിൽ ഫോർച്യൂണറിൽ നിന്ന് കടമെടുത്ത 2.8L ഡീസൽ, 2.7L പെട്രോൾ, ഹിലക്സ് ചാമ്പിൽ നിന്ന് 2.0L പെട്രോൾ എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോർ-വീൽ ഡ്രൈവ് സിസ്റ്റത്തിൽ തിരഞ്ഞെടുത്ത വകഭേദങ്ങൾ ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ