
ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ ഡീസൽ വാഹന നിരോധനത്തിന് ജര്‍മ്മനിയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡീസല്‍ വാഹന നിരോധന വിഷയത്തിൽ ജർമനിക്കും ആത്യന്തികമായി മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം പിന്തുടരേണ്ടി വരുമെന്നു ചാൻസലർ ആഞ്ചല മെർക്കെൽ വ്യക്തമാക്കി. 2040ൽ ആന്തരിക ജ്വലന എൻജിനുള്ള കാറുകളെ പടിക്കു പുറത്താക്കാനുള്ള ബ്രിട്ടന്റെയും ഫ്രാൻസിന്റെയും തീരുമാനം ശരിയായ ദിശയിലുള്ളതാണന്നാണ് മെര്‍ക്കലിന്‍റെ വിലയിരുത്തല്‍.
യു എസിലെ ഡീസൽഗേറ്റ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഉപയോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുക എന്നത് വാഹന നിർമാതാക്കളുടെ പ്രശ്നമാണെന്നു മെർക്കെൽ അഭിപ്രായപ്പെട്ടു. സോഫ്റ്റ്വെയർ പരിഷ്കരിച്ചോ നിർമാണ പിഴവുള്ള വാഹനം ആകർഷക വിലയ്ക്കു തിരിച്ചെടുത്തോ ഒക്കെ അവർക്ക് ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റാം. ഡീസൽ ഗേറ്റിലൂടെ വഞ്ചിക്കപ്പെട്ട ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട മലിനീകരണ നിയന്ത്രണ നിലവാരം കർശനമായി ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും വൈദ്യുത വാഹന വ്യാപനത്തിനായി ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം വികസപ്പിക്കുന്നതിനാവണം വരുംവർഷങ്ങളിൽ മുൻഗണന നൽകേണ്ടതെന്നും മെർക്കെൽ വ്യക്തമാക്കി.
അതുവരെ നിലവിൽ നിരത്തിലുള്ളതും പരിസ്ഥിതിയെ മലിനമാക്കുന്നതുമായ കാറകൾ നിരോധിക്കുന്നതിനോട് അവർ വിയോജിപ്പു രേഖപ്പെടുത്തി. ഉത്തമവിശ്വാസത്തിൽ കാർ വാങ്ങിയവരെ ശിക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നായിരുന്നു മെർക്കെലിന്റെ നിലപാട്. ഡീസൽ വാഹന വിലക്കിന് പ്രത്യേക വർഷമൊന്നും പ്രഖ്യാപിക്കുന്നില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.