യൂബര്‍ ഡ്രൈവര്‍ ഒരു യുവതിയോട് ചെയ്‍തത്; ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

Published : Oct 06, 2017, 04:51 PM ISTUpdated : Oct 04, 2018, 07:58 PM IST
യൂബര്‍ ഡ്രൈവര്‍ ഒരു യുവതിയോട് ചെയ്‍തത്; ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

Synopsis

ഇടക്കാലത്ത് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതൊഴിച്ചാല്‍ ഓണ്‍ലൈന്‍ ടാക്സിയിലെ സ്ത്രീകളുടെ യാത്രകള്‍ പൊതുവേ സുരക്ഷിതമാണെന്നാണ് നമ്മുടെ വിശ്വാസം.  എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ തലസ്ഥാനനഗരിയില്‍ നടന്ന ഒരു സംഭവം ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. ഡൽഹി സ്വദേശി പ്രിയ പ്രധാൻ എന്ന യുവതിക്കാണ് യൂബറില്‍ ദുരനുഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുന്നു. ഡ്രൈവറുടെ ചിത്രത്തിനൊപ്പമാണ് യുവതിയുടെ കുറിപ്പ്.

ഈ മാസം മൂന്നാം തീയതിയാണ് സംഭവം. ഗുഡാഗാവ് സെക്റ്റർ 82 ൽ നിന്ന് സെക്റ്റർ 50 ലേക്ക് സഞ്ചരിക്കാനാണ് പ്രിയ യൂബർ ബുക്ക് ചെയ്തത്. 20 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. രാവിലെ 10.30 നാണ് പ്രിയ വാഹനം ബുക്ക് ചെയ്തത്. പക്ഷേ അരമണിക്കൂർ വൈകി 11 മണിക്കാണ് യൂബർ പിക്ക് ചെയ്യാൻ എത്തിയത്. വൈകി എത്തിയ ഡ്രൈവർ തെറ്റായ വഴിയിലൂടെയാണ് ആദ്യം പോയത്.

വഴി തെറ്റിയെന്ന് പറഞ്ഞപ്പോൾ ഹൈവേയിലെ ടോളിന് നൽകാനുള്ള പണം കയ്യിലില്ലെന്നും അതുകൊണ്ടാണ് ഇതുവഴി പോകുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. യുബറിന്റെ നിയമപ്രകാരം ടോളിലെ പണം ഡ്രൈവറാണ് നൽകേണ്ടതെങ്കിലും ടോളിനുള്ള പണം താന്‍ തന്നെ നല്‍കാമെന്നും ശരിയായ വഴിയിലൂടെ പോകാനും പ്രിയ നിർദ്ദേശിച്ചു.

പിന്നീട് ഹൈവേയിലൂടെയുള്ള അൽപ യാത്രയ്ക്ക് ശേഷം ഡ്രൈവർ വീണ്ടും വാഹനം  ഇടറോഡിലേക്ക് ഓടിച്ചു കയറ്റി. അതു ചോദ്യം ചെയ്തപ്പോള്‍ ഇതുവഴി പോയാലും എത്തുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ലൈസൻസ് ആവശ്യപ്പെട്ടപ്പോള്‍ വീട്ടിൽ വെച്ചു മറന്നെന്നു ഡ്രൈവര്‍ പറഞ്ഞതോടെ അപകടം മണത്ത യുവതി രക്ഷിതാക്കളെ ഫോണ്‍ ചെയ്‍തു. തുടർന്ന് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടങ്കിലും നിർത്തിയില്ല. ഉച്ചത്തില്‍ ബഹളം വെച്ചതിന് ശേഷമാണ് പിന്നീട് ഇയാള്‍ വാഹനം നിർത്തിയതെന്നും പ്രിയ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കഥ ഇവിടെയും തീരുന്നില്ല. ടാക്സി ബുക്ക് ചെയ്തപ്പോൾ യൂബറിന്‍റെ ആപ്പിൽ ഡ്രൈവറുടെ പേര് കിരണ്‍ എന്നാണ് കാണിച്ചിരുന്നതെന്നും എന്നാൽ പൊലീസെത്തി ഡ്രൈവിങ് ലൈസൻസ് പരിശോധിച്ചപ്പോള്‍ ലളിത് എന്നായിരുന്നു ഇയാളുടെ യതാര്‍ത്ഥ പേരെന്നു മനസിലായതെന്നും പ്രിയ എഴുതുന്നു. യുവതിയുടെ പരാതിയില്‍  ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

യൂബറിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു താനെന്നും ഇനിയൊരിക്കലും യൂബർ ഉപയോഗിക്കില്ലെന്നും വ്യക്തമാക്കുന്ന പ്രിയ ഓൺലൈൻ ടാക്സികളിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. യുവതിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം