ജിഎസ്‍ടി ഇംപാക്ട്; ടാറ്റ ഹെക്സയ്ക്ക് കുറഞ്ഞത് 2.17 ലക്ഷം

By Web DeskFirst Published Jul 7, 2017, 5:44 PM IST
Highlights

ചരക്ക് സേവന നികുതി നിലവിൽ വന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില കുറയ്ക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചു. യാത്രാവാഹന വിലയിൽ 2.17 ലക്ഷം രൂപയുടെ വരെ ഇളവാണു ലഭിക്കുക. വിവിധ മോഡലുകളുടെ വിലയിൽ 12% വരെയാണ് കുറച്ചത്; ഇതോടെ വാഹനങ്ങളുടെ വിലയിൽ 3,300 മുതൽ 2.17 ലക്ഷം രൂപയുടെ വരെ കുറവാണു നിലവിൽ വന്നത്.

ടാറ്റ മോട്ടോഴ്സിന്റെ ക്രോസ് ഓവർ ഹെക്സയ്ക്കാണ് ജിഎസ്ടിയുടെ ഏറ്റവും അധികം ഗുണം ചെയ്തിരിക്കുന്നത്. 1.04 ലക്ഷം മുതൽ 2.17 ലക്ഷം രൂപ വരെയാണ് ഹെക്സയുടെ വില കുറഞ്ഞത്. ‌ചെറു ഹാച്ചായ ടിയാഗോയ്ക്ക് 9400 മുതൽ 52000 രൂപ വരെ കുറഞ്ഞപ്പോള്‍ ടിഗോറിന് 11000 രൂപ മുതൽ 60000 രൂപ വരെയും കുറഞ്ഞു. രാജ്യവ്യാപകമായി ഒരേ നിരക്കിലുള്ള നികുതി നിലവിൽ വരുത്താൻ ജി എസ് ടി അവലംബിച്ച കേന്ദ്ര സർക്കാർ നടപടിയെ കമ്പനി പൂർണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഹോണ്ട കാഴ്സ് ഇന്ത്യ, ഫോഡ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ജഗ്വാർ ലാൻഡ് റോവർ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് ഇന്ത്യ, ഔഡി, റെനോ തുടങ്ങിയ കാർ നിർമാതാക്കളെല്ലാം ജി എസ് ടി നടപ്പായ പിന്നാലെ വില കുറച്ചിരുന്നു. ഇരുചക്രവാഹന വിഭാഗത്തിൽ ടി വി എസ് മോട്ടോർ കമ്പനി, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, റോയൽ എൻഫീൽഡ്, യമഹ, സുസുക്കി മോട്ടോർ സൈക്കിൾ തുടങ്ങിയ നിർമാതാക്കളും വില കുറച്ചിട്ടുണ്ട്.

click me!