ഓരോ 9 സെക്കൻഡിലും നിരത്തിലേക്ക് ഓരോ പുത്തൻ ആക്ടീവ!

By Web DeskFirst Published Nov 25, 2017, 2:53 PM IST
Highlights

രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ വീണ്ടും പുതുചരിത്രം രചിച്ച് ജാപ്പനീസ് വാഹ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയവാഹനം ആക്ടീവ. ഏഴു മാസത്തിനിടയില്‍ 20 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ ഇന്ത്യയിലെ ഏക ടൂ-വീലര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഹോണ്ട ആക്റ്റീവ സ്വന്തമാക്കി. ഇന്ത്യയിൽ 2001ൽ അരങ്ങേറ്റം കുറിച്ച ‘ആക്ടീവ’യ്ക്ക് വിൽപ്പനയിലെ ആദ്യ 20 ലക്ഷം പിന്നിടാൻ ഏഴു വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴു മാസക്കാലത്തിനിടെ മാത്രം 20,40,134 പേരാണു പുത്തൻ ‘ആക്ടീവ’ സ്വന്തമാക്കിയത്. അതായത് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് ഓരോ ഒമ്പതു സെക്കന്‍ഡിലും ഒരു പുതിയ കുടുംബം ആക്റ്റീവ സ്‌കൂട്ടര്‍ സ്വന്തമാക്കുന്നുണ്ട്.  

ഇടക്കാലത്ത് വംശനാശ ഭീഷണിയിലായ ഇന്ത്യൻ സ്കൂട്ടർ വിപണിയെ ഒറ്റയ്ക്ക് ഉയിർത്തെഴുന്നേൽപ്പിച്ച് പുത്തൻ ഉയരങ്ങളിലെത്തിച്ചതിന്റെ ഖ്യാതിയാണ് ആക്ടീവക്കുള്ളത്. ഇന്ത്യയില്‍ അവതരിപ്പിച്ച് ഏഴു വര്‍ഷം (2001-2008) കൊണ്ട് 20 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഇടം നേടിയ ആക്റ്റീവ 2017 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഏഴു മാസ കാലയളവില്‍ മാത്രം 20 ലക്ഷം ഉപഭോക്താക്കളെ കൂട്ടിചേര്‍ത്തു. അര ദശകത്തിനിടയില്‍ ടൂ-വീലര്‍ വ്യവസായ രംഗത്ത് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

ഇതേ കാലയളവിൽ ആക്ടീവയുടെ വിൽപ്പനയിലെ വളർച്ചയാവട്ടെ 180% ആണ്; ഇതിനിടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ഇരുചക്രവാഹനമായും ‘ആക്ടീവ’ മാറി. ടൂ-വീലര്‍ പ്രചാരണത്തില്‍ പുതിയ റെക്കോഡുകളാണ് കുറിച്ചത്. 2012-13ല്‍ 7.3 ലക്ഷം യൂണിറ്റ് വില്‍പ്പന കുറിച്ച ആക്റ്റീവ മൂന്നിരട്ടി വളര്‍ച്ചയോടെ 2017-18ല്‍ 20 ലക്ഷം യൂണിറ്റിലെത്തി.

2001-ലാണ് ഹോണ്ടയുടെ 102 സിസി ആക്റ്റീവ അവതരിപ്പിച്ചത്. അരങ്ങേറ്റ വര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന കുറിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആക്റ്റീവ സ്‌കൂട്ടര്‍ വിഭാഗത്തില്‍ മുന്നിലെത്തി. 2005 ഡിസംബറോടെ വില്‍പ്പന 10 ലക്ഷം യൂണിറ്റായി. വര്‍ഷങ്ങള്‍ കടക്കുന്നതിനിടെ ആക്റ്റീവ മാറ്റങ്ങള്‍ ഉള്‍കൊണ്ടു. പ്രചാരണത്തില്‍ വന്‍ കുതിപ്പും നേടി. 2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടം കുറിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി യൂണിറ്റ് മറികടന്ന ആദ്യ സ്‌കൂട്ടറായി ആക്റ്റീവ. ഒരു വര്‍ഷത്തിനു ശേഷം 2016-ല്‍ ഹോണ്ടയുടെ ആക്റ്റീവ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി. 1.5 കോടി ഉപഭോക്താക്കളുള്ള ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ എന്ന സ്ഥാനവും ആക്റ്റീവ സ്വന്തം.

click me!