ഹോണ്ട സ്‌കൂപ്പി ടെസ്റ്റ് ഡ്രൈവ് ചിത്രങ്ങള്‍ ലീക്കായി

By Web DeskFirst Published Sep 4, 2017, 6:38 AM IST
Highlights

സ്‌കൂട്ടര്‍ പ്രേമികള്‍ അത്യാവേശപൂര്‍വ്വം കാത്തിരിക്കുന്ന ഹോണ്ട സ്‌കൂപ്പിയുടെ ടെസ്റ്റ് ഡ്രൈവ് ചിത്രങ്ങള്‍ പുറത്തായി. സിംലയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ സ്‌കൂപ്പി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതേവരയില്ലാത്ത ഒട്ടനവധി പ്രത്യേകതകളും ഇറ്റാലിയന്‍ ലുക്കുമായാണ് സ്‌കൂപ്പി വരുന്നത്.

ഇപ്പോള്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിലസുകയാണ് രൂപത്തില്‍ വെസ്പ സ്‌കൂട്ടറുകളോട് സാമ്യമുള്ള ഈ കുഞ്ഞന്‍ സ്‍കൂട്ടര്‍. സുന്ദരവും ക്ലാസിക്ക് ലുക്ക് ഉള്ളതുമായ ആ ഇറ്റാലിയന്‍ രൂപത്തെ അധികം വൈകാതെ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടുതുടങ്ങാമെന്നാണ് അനൗദ്യോഗിക വാര്‍ത്തകള്‍.

8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്കൂപ്പിക്ക് കരുത്ത് പകരുമ്പോള്‍ ഇന്ത്യന്‍ സ്‌കൂപ്പിക്ക് പുതിയ ആക്ടീവ 4G-യില്‍ നല്‍കിയ എഞ്ചിന്‍ തന്നെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 109.19 സിസി കാര്‍ബറേറ്റഡ് എഞ്ചിന്‍ 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കുമേകും. ആക്ടീവ 125 എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

1844 എംഎം നീളവും 699 എംഎം വീതിയും 1070 എംഎം ഉയരവും 1240 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ടാവും സ്‍കൂപ്പിക്ക്. 745 എംഎം ആണ് സീറ്റ് ഹൈറ്റ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 115 കിലോ ഭാരമുണ്ടാകും. ആക്ടീവയ്ക്ക് ലഭിക്കുന്നതുപോലെ 40-45 കിലോമീറ്റര്‍ മൈലേജ് നിരത്തില്‍ ഇവന് ലഭിക്കും. 70,000 രൂപയില്‍ താഴെ നിരത്തിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണിയില്‍ വെസ്‍പയ്ക്കൊപ്പം യമഹ ഫാസിനോയും സ്‍കൂപ്പിയുടെ മുഖ്യഎതിരാളികളായിരിക്കും.

click me!