ബൈക്ക് യാത്രികരാണോ? ഈ ഹെല്‍മെറ്റ് നിങ്ങളെ തണുപ്പിക്കും, ചുരുങ്ങിയ ചെലവില്‍

By Web DeskFirst Published Feb 26, 2018, 12:43 PM IST
Highlights

ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിക്കാന്‍ മടിയുള്ളവരാണ് നമ്മളില്‍ പലരും. അതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുമുണ്ട്. പക്ഷെ ചൂടുകാലമായാല്‍ ഹെല്‍മെറ്റ് വയ്ക്കാനും വയ്ക്കാതിരിക്കാനും എല്ലാവര്‍ക്കും ഒരേ കാരണമായിരിക്കും. കൊടും ചൂട് തന്നെ. ഹെല്‍മെറ്റ് വച്ചാല്‍ ചൂട് കുടുങ്ങി തല ചൂടാവുകയും വിയര്‍ക്കുകയും ആകെ ക്ഷീണിക്കുകയും ചെയ്യും. എന്നാല്‍ ഒരു എ.സിയുള്ള ഹെല്‍മെറ്റാണെങ്കിലോ..?

അതെ, എസി ഫിറ്റ് ചെയ്ത ഒരു ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുകയാണ്. ഹൈദരബാദുകാരായ മൂന്ന് എഞ്ചിനീയര്‍മാര്‍. 22 വയസുകാരായ കൗസ്തുബ് കൗണ്ടിയ, ശ്രീകാന്ത് കൊമ്മുല, ആനന്ദ് കുമാര്‍ എന്നിവരാണ് ഹെല്‍മറ്റ് നിര്‍മാണത്തിന് പിന്നില്‍. ബച്ചുള്ളി വിഎന്‍ആര്‍ വിജ്ഞാന ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2016ല്‍ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ വ്യാവസായിക ജോലിക്കാര്‍ക്കായാണ് ഹെല്‍മെറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വൈകാതെ ബൈക്കര്‍ ഹെല്‍മെറ്റും എത്തുന്നുണ്ട്. രണ്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉള്ള ഹെല്‍മെറ്റിന് 5000 രൂപയും എട്ട് മണിക്കൂര്‍ ബാറ്ററി ലൈഫുള്ളതിന് 5500 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വെറുതെ നിര്‍മിച്ച് ഒരു അത്ഭുതം കാണിക്കലല്ല ഇവരുടെ ലക്ഷ്യം, സ്വന്തം സ്റ്റാര്‍ട്ടപ്പ് വഴി ഇതിന്‍റെ വില്‍പ്പന നടത്താനാണ്. മികച്ച സുരക്ഷാ സംവിധാനങ്ങളും ഹെല്‍മെറ്റിലുണ്ട്. ഇതിനോടകം തന്നെ ഹെല്‍മെറ്റിന് ബുക്കിങ്ങുകള്‍ നടന്നു കഴിഞ്ഞു.

ഇന്ത്യന്‍ നേവിയാണ് ഹെല്‍മെറ്റിന്‍റെ ആദ്യ ആവശ്യക്കാര്‍, ലക്നൗവിലെ പ്ലാന്‍റിലുള്ള തൊഴിലാളികള്‍ക്കായി ടാറ്റ കമ്പനിയും ഹെല്‍മെറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മാസത്തില്‍ 1000 ഹെല്‍മെറ്റുകള്‍ നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ മാര്‍ച്ചോടെ ഒരുക്കുമെന്നും ഹൈദരാബാദ് പൊലീസിന് തുടക്കത്തില്‍ 20 ഹെല്‍മെറ്റുകള്‍ സംഭാവന ചെയ്യുമെന്നും സംരഭകര്‍ വ്യക്തമാക്കി.

click me!