
മത്സര ഓട്ടങ്ങള്‍ക്കിടെ നടുറോഡില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. അമിതാവേശവും ധാര്‍ഷ്ട്യവുമൊക്കെയാണ് പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് വഴി വയ്ക്കുന്നത്. ഇതുപോലൊരു മത്സരയോട്ടത്തിനിടയില്‍ നടന്ന ഒരു അപകടം ആരേയും ഞെട്ടിക്കും. ഗ്രേറ്റര്‍ നോയിഡ എക്സ്‍പ്രസ്‍വേയിലായിരുന്നു സംഭവം. മത്സര ഓട്ടം മൂലം ഈ റോഡിലുണ്ടാകുന്ന അപകടങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലും വൈറലാകുന്നത്.
മത്സരിച്ചോടിയ യമഹ R15ഉം ഹ്യുണ്ടായി എലൈറ്റ് i20 ആണ് അപകടത്തില്‍ പെട്ടത്. മത്സര ഓട്ടത്തിനിടെ വാശി കയറിയ കാര്‍ ഡ്രൈവര്‍ വാഹനം ഇടത്തേക്ക് വെട്ടിച്ചപ്പോള്‍ ബൈക്കിലിടിച്ചു. തുടര്‍ന്ന് ബൈക്ക് റൈഡര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ റോഡിലൂടെ കരണം മറയുന്നതും പിന്നാലെയത്തിയ മറ്റൊരു കാര്‍ ഇയാളുടെ ദേഹത്ത് കയറുന്നതിനു തൊട്ടുമുമ്പ് സഡന്‍ബ്രേക്കിടുന്നതും ഓടിക്കുന്നയാള്‍ വീണതിനു ശേഷവും ഡ്രൈവറില്ലാതെ R15 വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്നതും കാണാം. കുറേദൂരം ഒറ്റക്ക് ഓടിയ ശേഷം ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സമയം റോഡിലുണ്ടായിരുന്ന മറ്റൊരു ബൈക്കറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന അപകടത്തിന്‍റെ വീഡിയോ ഇപ്പോഴാണ് വൈറലായത്.
മാസങ്ങള്‍ക്കു മുമ്പ് ഇതേ ഹൈവേയില്‍ ആഡംബരക്കാറായ ലംബോര്‍ഗിനിയും സ്വിഫ്റ്റ് ഡിസൈര്‍ കാറും തമ്മിലുള്ള മത്സരിച്ചോടിയ അപകടദൃശ്യങ്ങളും വൈറലായിരുന്നു. ഈ അപകടത്തില്‍ നിരപരാധിയായ ഒരാള്‍ക്കാണ് ജീവന്‍ നഷ്‍ടപ്പെട്ടത്. റോഡിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ലംബോര്‍ഗിനിയെ ആവര്‍ത്തിച്ചു മറികടക്കാന്‍ ശ്രമിച്ച് നിയന്ത്രണം വിട്ട ഡിസയര്‍ ലൈന്‍ മാറി ലംബോര്‍ഗിനിയുടെ ട്രാക്കിലേക്ക് പാഞ്ഞു കയറി. ഇതോടെ ലംബോര്‍ഗിനി ഇടത്തേക്ക് വെട്ടിച്ചു. തുടര്‍ന്ന് ഇടതുവശത്തൂടെ പോകുകയായിരുന്ന മരുതി എക്കോ വാനിനെ നിരത്തിനപ്പുറത്തേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ഈ വാന്‍ തൊട്ടടുത്ത കാട്ടിലേക്ക് കരണം മറയുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എക്കോ ഓടിച്ചിരുന്ന 28കാരനാണ് അന്ന് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.