ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ആശ്വാസവുമായി റെയില്‍വേ

By Web DeskFirst Published Mar 8, 2018, 9:57 AM IST
Highlights
  • ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക്
  • ബര്‍ത്ത് ഉറപ്പാക്കാനുള്ള സംവിധാനം

ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദവും ആശ്വാസകരവുമാകുന്ന ഒരു സുപ്രധാന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇങ്ങനെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കാനുള്ള സംവിധാനവുമായി എത്തുന്നത് ദക്ഷിണ റെയില്‍വേയാണ്. ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലും ആറ് ബെര്‍ത്തുകളും തേഡ് എ.സി.യിലും സെക്കന്‍ഡ് എ.സി.യിലും മൂന്ന് ബെര്‍ത്തുകളും വീതം ഇതിനായി നീക്കി വയ്ക്കാനാണ് തീരുമാനം.

ആര്‍എസിയില്‍ ഒറ്റയ്ക്കുള്ള സ്ത്രീയുടെ നമ്പര്‍ എത്രയായാലും ഒന്നാമതുള്ള ആളെ ഒഴിവാക്കി നല്‍കണം.  സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ബുക്ക് ചെയ്യുമ്പോള്‍ പിഎന്‍ആര്‍ നമ്പറില്‍ പുരുഷയാത്രികര്‍ ആരും ഉണ്ടാകരുതെന്ന് മാത്രം. ഏതെങ്കിലും കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്തുകള്‍ അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതലാണെന്നതിനാലാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി റെയില്‍വേ മന്ത്രാലയം ഈ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്മാര്‍ക്കാണ്.

 

click me!