വരുന്നൂ, മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിൻ

By Web DeskFirst Published Aug 8, 2017, 12:45 PM IST
Highlights

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സെപ്‍തംബറില്‍ തറക്കല്ലിടും.  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദർശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേർന്നായിരിക്കും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന് തറക്കല്ലിടുക. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ‌ പാത 2023ല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു  ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചിരുന്നു.

മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നാണ്  ബുള്ളറ്റ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. തുടര്‍ന്ന് കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താണെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരും. പദ്ധതിക്ക് 97,636 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 80 ശതമാനവും വായ്പയായി നൽകാമെന്നാണ് ജപ്പാൻറെ വാഗ്ദാനം.  508 കിലോമീറ്റർ ദൂരത്തിനിടെ ബുള്ളറ്റ് ടെയിനിനായി 12 സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിൽ നാലെണ്ണം മഹാരാഷ്ട്രയിലും ബാക്കി ഗുജറാത്തിലുമാകും.  നിലവിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിനുള്ള തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലം നിർണയിക്കാനുള്ള സർവേ പുരോഗതിയിലാണ്. 2018ൽ  തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ ട്രാക്ക് നിർമാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

2015-ലാണ് ഇന്ത്യ ജപ്പാനുമായി ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം ആരംഭിച്ച് 2023-ല്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് റെയിൽ‌വേ പ്രതീക്ഷിക്കുന്നത്.  

ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ അഹമ്മദബാദ് — മുംബൈ യാത്രാസമയം രണ്ടു മണിക്കൂറായി കുറയും. നിലവിൽ ഏഴു മണിക്കൂർ കൊണ്ടാണ് സാധാരണ ട്രെയിനുകൾ ഈ ദൂരം പിന്നിടുന്നത്.

click me!