
ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡ് ജീപ് കോംപസ് എസ്‌യുവിക്ക് പ്രഖ്യാപിച്ച അപ്‌ഗ്രേഡ് ഓഫര്‍ നീട്ടി. ജൂണ്‍ വരെ നീട്ടാനാണ് ജീപ് ഇന്ത്യയുടെ തീരുമാനം. ഓഫറനുസരിച്ച് 75,000 രൂപ അധികം മുടക്കിയാല്‍ രണ്ടു വീല്‍ ഡ്രൈവ് കോമ്പസ് വകഭേദം വാങ്ങാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓള്‍ വീല്‍ ഡ്രൈവ് കോമ്പസിനെ സ്വന്തമാക്കാം.
അതായത് ലിമിറ്റഡ് 4X2 ഡീസല്‍ കോംപസ് വാങ്ങാനെത്തുന്ന ഉപഭോക്താവിന് അപ്‌ഗ്രേഡ് ഓഫര്‍ പ്രകാരം 75,000 രൂപ കൂടുതല്‍ മുടക്കിയാല്‍ ലിമിറ്റഡ് 4X4 കോമ്പസ് വകഭേദം ലഭിക്കും. മോഡലുകളുടെ യഥാര്‍ത്ഥ വില കണക്കിലെടുത്താല്‍ഏകദേശം 1.25 ലക്ഷം രൂപയുടെ വിലക്കിഴിവ് ലഭിക്കും. 19.21 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് ജീപ് കോമ്പസ് 4X2 വകഭേദങ്ങളുടെ വിലനിലവാരം.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. രാജ്യത്തെ വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനം ഇതുവരെ ഇരുപതിനായിരത്തിലേറെ നിരത്തുകളിലെത്തിക്കഴിഞ്ഞു.
ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഡീസല്‍ പതിപ്പിനെ കോമ്പസ് നിരയില്‍ കമ്പനി ഉടന്‍ അവതരിപ്പിക്കും. ഒപ്പം പ്രത്യേക ഓഫ്‌റോഡ് വകഭേദമായ ട്രെയില്‍ഹൊക്കും ഉടന്‍ വിപണിയിലെത്തും. ട്രെയില്‍ഹൊക്കിന്റെ വരവിന് മുന്നോടിയായി കോമ്പസ് 4X4 ഡീസലിനെ വിറ്റുതീര്‍ക്കാനുള്ള ജീപ് ഇന്ത്യയുടെ നീക്കം കൂടിയാണ് ജൂണ്‍ വരെ നീട്ടിയിരിക്കുന്ന അപ്‌ഗ്രേഡ് ഓഫര്‍ എന്നാണ് സൂചന.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.