തോക്ക് നിര്‍മ്മാതാക്കള്‍ ബൈക്ക് നിര്‍മ്മാതാക്കളാകുന്നു

By Web DeskFirst Published Oct 24, 2017, 5:00 PM IST
Highlights

കലാഷ്‌നിക്കോവ് എന്ന തോക്ക് കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലേ? കലാഷ്‍നിക്കോവ് എന്ന കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും AK-47 എന്ന നാമം കേട്ടിരിക്കും. കലാഷ്‌നിക്കോവ് മോഡലാണ് AK-47 തോക്കുകള്‍. ഈ കലാഷ്‍നിക്കോവ് കമ്പനി ഇപ്പോള്‍ വാഹനലോകത്തെ സജീവചര്‍ച്ചാ വിഷയമാണ്. കാരണം ആയുധ നിര്‍മ്മാണത്തില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ  നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് കലാഷ്‌നിക്കോവ്.

റഷ്യയില്‍ നടന്ന ആര്‍മി 2017-ഇന്റര്‍നാഷണല്‍ മിലിട്ടറി-ടെക്‌നിക്കല്‍ ഫോറത്തിലാണ് പുതിയ ഇലക്ട്രിക് ബൈക്കുകളെ കലാഷ്‌നിക്കോവ് കാഴ്ചവെച്ചത്. കലാഷ്‌നിക്കോവിന് കീഴിലുള്ള റഷ്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ IZH ആണ് ഇലക്ട്രിക് ബൈക്കുകളെ ഒരുക്കുന്നത്. 1928 മുതല്‍ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ സജീവമാണ് IZH.2018ല്‍ റഷ്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി 50 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ മോസ്‌കോ പൊലീസിന് കലാഷ്‌നിക്കോവ് സമര്‍പ്പിക്കും. രണ്ട് വ്യത്യസ്ത ഡിസൈനില്‍ ഒരുക്കുന്ന ഈ ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് 150 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കും.

സൈനിക ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ബൈക്ക് എന്‍ഡ്യൂറോ ഡിസൈനാണ് സ്വീകരിക്കുക. അതേസമയം അര്‍ബന്‍ പൊലീസ് സേനയ്ക്ക് സൂപ്പര്‍മോട്ടോ-സ്‌റ്റൈല്‍ ബൈക്കാകും ലഭിക്കുക.

കലാഷ്‌നിക്കോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പുതിയ വീഡിയോയില്‍, ഇലക്ട്രിക് ബൈക്കിന്റെ പതിപ്പിനെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോഡലിന്റെ വിശദവിവരങ്ങള്‍ നല്‍കാന്‍ കലാഷ്‌നിക്കോവ് തയ്യാറായിട്ടില്ല.

click me!