
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് പുതിയ ചരിത്രം കുറിച്ചു കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുതി ബസ് നാളെ മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങും. ഇതിനായി ബെംഗളൂരുവില്‍ നിന്നും ബസ് തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മീ ഓടുന്ന ബസ് ആദ്യത്തെ അഞ്ച് ദിവസം തലസ്ഥാനത്തും പിന്നീട് എറണാകുളം, കോഴിക്കോട് നഗരങ്ങളിലും പരീക്ഷണഓട്ടം നടത്തും. കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസിന്‍റെ അതേ നിരക്കാവും ഇൗ എയര്‍ കണ്ടീഷന്‍ഡ് ബസിലും ഇൗടാക്കുക.
ഒരു ബസ്സിന് രണ്ടരകോടിയാണ് വില. അതിനാല്‍ ബസ് വാങ്ങുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.ആഗോള ടെണ്ടര്‍ വിളിച്ച് കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ പദ്ധതി.
ഡീസല്‍ ബസ്സ് ഓടിക്കുന്നതിന്‍റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇലക്ട്രിക് ബസിന് ഉണ്ടാകൂ. പക്ഷെ ബസ് വാടകക്ക് എടുക്കുന്നതിന്‍റെ ചെലവ് കണക്കിലെടുക്കുമ്പോള്‍ കെഎസ്ആര്‍ടിസ് ക്ക് എന്ത് ലാഭമുണ്ടാകും എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനുള്ള ഉത്തരം കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയിലുണ്ട്.
ലാഭം മാത്രമല്ല സാമൂഹികപ്രതിബദ്ധത കൂടി നോക്കിയാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഓടിക്കുന്നതെന്ന് തച്ചങ്കരി പറയുന്നു. എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ ഇപ്പോള്‍ വലിയ തോതിലുള്ള വായു മലിനീകരണമാണ് നടക്കുന്നത്. പ്രകൃതി സൗഹൃദ ഗതാഗതരംഗത്തേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇലക്ട്രിക്ക് ബസ് എന്നാണ് തച്ചങ്കരി പറയുന്നത്.
ഇലക്ട്രിക്ക് ബസുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയുണ്ട്. നിലവിലെ കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നതിലും ലാഭത്തില്‍ വൈദ്യുതി ബസ് ഓടിക്കാന്‍ സാധിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇപ്പോള്‍ പരീക്ഷണ പറക്കലാണ് ആദ്യം ഇലക്ട്രിക്ക് ബസ് പറക്കട്ടെ.... ആത്മവിശ്വാസത്തോടെ തച്ചങ്കരി പറയുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.