മറന്നുവച്ച പാസ്പോര്‍ട്ടുമായി 'ആനവണ്ടി' തിരികെ എയര്‍പോര്‍ട്ടിലെത്തി, കണ്ണുനിറഞ്ഞ് പ്രവാസി!

Published : Jan 09, 2019, 03:56 PM IST
മറന്നുവച്ച പാസ്പോര്‍ട്ടുമായി 'ആനവണ്ടി' തിരികെ എയര്‍പോര്‍ട്ടിലെത്തി, കണ്ണുനിറഞ്ഞ് പ്രവാസി!

Synopsis

ബസില്‍ പാസ്പോർട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന്  തിരികെ എയർപോർട്ടിലെത്തി കെഎസ്ആർടിസി ജീവനക്കാർ ഇത് കൈമാറിയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

കെഎസ്ആര്‍ടിസിക്കെതിരെ ഒരുപാട് പരാതികളുണ്ടാവാറുണ്ട്. പലപ്പോഴും അവ വലിയ തോതില്‍ ചര്‍ച്ചകളാവാറുമുണ്ട്. എന്നാല്‍ ഈ ആനവണ്ടിയും ജീവനക്കാരും ഒത്തിരി നന്മകളുടെ കാവലാളുകളും ആകാറുണ്ട്. അര്‍ദ്ധരാത്രിയില്‍ റോഡില്‍ ഒറ്റപ്പെട്ടു പോയ സ്‍ത്രീക്ക് കാവല്‍ നിന്നതുള്‍പ്പെടെ പല സംഭവങ്ങളും ഉദാഹരണങ്ങളായിട്ടുണ്ട്. എന്നാല്‍ ചെറിയൊരു പിഴവില്‍ അതൊക്കെ നമ്മള്‍ മറന്നുപോകുകയാണ് പതിവ്. 

ഇപ്പോഴിതാ അത്തരമൊരു നന്മയുടെ വാര്‍ത്തയാണ് പുതുവര്‍ഷത്തിലും പുറത്തുവരുന്നത്. ബസില്‍ പാസ്പോർട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന്  തിരികെ എയർപോർട്ടിലെത്തി കെഎസ്ആർടിസി ജീവനക്കാർ ഇത് കൈമാറിയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴി എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോർ വോൾവോ ബസും ജീവനക്കാരുമാണ് ഈ നന്മമരങ്ങള്‍.

കോഴിക്കോട് നിന്നും എത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുകയായിരുന്നു ബസ്. ഇതിനിടെയാണ് പാസ്പോർട്ട് അടങ്ങിയ കിറ്റ് ശ്രദ്ധയില്‍പ്പെടുന്നത്.  ഗൾഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരൻ മറന്നുവച്ചതായിരുന്നു അത്. 

യാത്രക്കാരോട് സംസാരിച്ച ശേഷം ഉടന്‍ തന്നെ ബസുമായി  തിരികെ എയർപോർട്ടിലെത്തി കിറ്റ് കൈമാറിയാണ് കെഎസ്ആര്‍ടിസിയും ജീവനക്കാരായ  കൃഷ്ണദാസും നിസാറും ഇപ്പോള്‍ ജനഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്. ബസിലെ യാത്രക്കാരനായിരുന്ന അനീഷ് അഷ്റഫിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അദ്ദേഹത്തിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

 

...KSRTC യിലെ ഹീറോസ്... സല്യൂട്ട് 
(6/01 /2019 രാത്രി 11 മണി ആയിക്കാണും)
ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുംമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് .. ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയർപോർട്ട് ലെക്ഷ്യം വെച്ചു നീങ്ങീ .എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വാഷിച്ചു കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും.,, ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു... ബിഗ് സല്യൂട്ട്..

 

PREV
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'