സ്‍കോര്‍പ്പിയോയുടെ ഇലക്ട്രിക്ക് മോഡല്‍ വരുന്നൂ!

By Web DeskFirst Published Sep 20, 2017, 2:41 PM IST
Highlights

ലോകത്തെ ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ ഇലക്ട്രിക്ക് പതിപ്പുകള്‍ പുറത്തിറക്കുന്ന തിരിക്കിലാണിപ്പോള്‍. വിവിധ ലോകരാജ്യങ്ങള്‍ പരമ്പാരഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോട് വിടപറയാന്‍ തയ്യാറെടുക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയും ഇതേപാതയിലാണ്. വൈദ്യുതവാഹനങ്ങളുടെ അവശ്യകതയെപ്പറ്റി ഉപരിതലഗതാഗത വികസന മന്ത്രി നിതിന്‍ ഗഡ്‍ഗരി രാജ്യത്തെ വാഹനനിര്‍മ്മാതക്കളെ ഓര്‍മ്മിപ്പിച്ചതും അടുത്തിടെയാണ്. അപ്പോള്‍ തദ്ദേശീയ വാഹനനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര എങ്ങനെ നോക്കി നില്‍ക്കും? തങ്ങളുടെ സ്‌കോര്‍പിയോ, എക്‌സ്യുവി500 മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നാണ് പുതിയ വാര്‍ത്തകള്‍.

ഇന്ത്യയിലെ ഒരേയൊരു മികച്ച ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.  E2O പ്ലസ്, E-വെരിറ്റോ തുടങ്ങിയ മഹീന്ദ്രയുടെ ചെറു ഇലക്ട്രിക് മോഡലുകള്‍ ഇവിടെ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും പേരിനെങ്കിലും ഇലക്ട്രിക് എന്ന് പറയാന്‍ മഹീന്ദ്ര മാത്രമേ നമുക്കുള്ളു. ഇപ്പോള്‍ സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ചെറുകാറുകളെ ഒഴിവാക്കി മുന്തിയ കാറുകളുടെ ഇലക്ട്രിക് വകഭേദം പരീക്ഷിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്തിന്റെ ഭാഗമായി 300-400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആലോചിക്കുന്നത്.

ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്.യു.വി 500, സ്‌കോര്‍പിയ എസ്.യു.വി എന്നീ മോഡലുകള്‍ ഇലക്ട്രിക് പതിപ്പില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഇലക്ട്രിക് കാറുകളുടെ നിര്‍മാണവും വിപണനവും മുന്നില്‍ കണ്ട് ഫോര്‍ഡ് മോട്ടോഴ്‌സുമായി കഴിഞ്ഞ ദിവസം മഹീന്ദ്ര ഗ്രൂപ്പ് ധാരണയിലെത്തിയിരുന്നു. നികുതി ഘടന കുറച്ചതോടെ ചരക്ക് സേവന നികുതി ഏറ്റവും കുറവ്  ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ്.  കേവലം 12 ശതമാനമാണ് നികുതി. ഇതും ഇലക്ട്രിക്കിലേക്ക് വാഹന നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നു.

ഇലക്ട്രിക് സ്‌കോര്‍പിയോ, എക്‌സ്.യു.വി 500-ന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക്  നിര്‍മ്മിക്കുന്ന സ്‌കോര്‍പിയോ, എക്‌സ്‍യുവി-500 മോഡലുകളുടെ ഇലക്ട്രിക് വേരിയന്റ്കള്‍ 2020-ഓടെ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‍യുവി-500 ന്റെ ഇലക്ട്രിക് പതിപ്പിന് 15 ലക്ഷം രൂപയും സ്‌കോര്‍പിയോയുടെ ഇലക്ട്രിക് വേരിയന്റിന് 12 ലക്ഷം രൂപയുമായിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!