
റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരില്‍ പുതുതലമുറ ഡിസൈറുകളെ മാരുതി തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയ്ക്ക് നിര്‍മ്മിച്ച 21,494 മാരുതി ഡിസൈറുകളിലാണ് നിര്‍മ്മാണ പിഴവ് കണ്ടെത്തിയിരിക്കുന്നത്. മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധമായ വിവരങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രശ്‌നസാധ്യതയുള്ള ഡിസൈര്‍ ഉപഭോക്താക്കളെ ഡീലര്‍ഷിപ്പുകള്‍ ബന്ധപ്പെട്ട് വരികയാണെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
നിര്‍മ്മാണ പിഴവുള്ള ഡിസൈറുകളെ തിരിച്ചുവിളിച്ചു റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാവുന്നതാണ്. പ്രശ്‌നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും അതത് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കും.
രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന ബഹുമതി ഈ ആഗസ്റ്റില്‍ ഡിസയര്‍ സ്വന്തമാക്കിയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 2017 ആഗസ്തിലെ വില്‍പ്പന കണക്കനുസരിച്ചാണ് മാരുതിയുടെ തന്നെ ആള്‍ട്ടോയെ കടത്തിവെട്ടി ഡിസയര്‍ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചുകൊണ്ടിരുന്ന മോഡലെന്ന പേരാണ് ആള്‍ട്ടോക്ക് ഇതോടെ നഷ്‍ടമായത്.
2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ സംഭവിച്ചിരിക്കുന്നത്.
1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്. എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.