
മാരുതി സസുക്കിയുടെ സൂപ്പർ കാരി എന്ന വാഹന മോഡലിനെപ്പറ്റി കേട്ടിട്ടുണ്ടോ? അധികമാരും കേള്‍ക്കാനിടയില്ല. വാണിജ്യ വാഹന വിഭാഗത്തിലേക്കു കഴിഞ്ഞ വര്‍ഷം മാരുതി അവതരിപ്പിച്ച കുഞ്ഞന്‍ വാഹനമാണ് സൂപ്പര്‍കാരി. 2016ല്‍ പുറത്തിറക്കിയ ഈ മോഡല്‍ ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നതിനാല്‍ അത്ര ക്ലച്ചു പിടിച്ചിട്ടില്ല. അതിനാല്‍ത്തന്നെ മലയാളിയുടെ വാഹന ലോകത്ത് സൂപ്പര്‍ കാരി ഇപ്പോഴും കാണാമറയത്താണ്.
2016 ജൂലൈയിൽ വിറ്റ സൂപ്പര്‍കാരിയുടെ എണ്ണം കേട്ടാല്‍ ആദ്യം അന്തം വിടും. വെറും 14 എണ്ണം മാത്രം. ഒരുവർഷം പിന്നിട്ടപ്പോൾ ഇത് 703 ആയി വർധിച്ചു. എന്തൊക്കെയാണ് സൂപ്പര്‍ കാരിയുടെ പ്രത്യേകതകളെന്നു നോക്കാം.
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി. എൺപതുകളിൽ ജപ്പാൻ നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ 'കാരി'യുടെ സ്മരണ നിലനിർത്തിയായിരുന്നു വാഹനത്തിന്‍റെ അവതരണം.
മഹീന്ദ്ര മാക്സിമൊ, ഫോഴ്സ് ട്രംബ്, ടാറ്റ എയ്സ് തുടങ്ങിയവയെപ്പോലെ ചെറിയ രീതിയിൽ ഭാരംവഹിക്കുന്ന വാഹനമാണ് സൂപ്പർ കാരി. രൂപവും ഏതാണ്ട് ഇവയോട് ചേർന്നുനിൽക്കും. എയ്സോ മാക്സിമോയോ പോലെ അത്ര ആകാര വടിവില്ല.
3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഉള്ളിൽ സാധനങ്ങൾ സൂക്ഷിക്കാന്‍ ധാരാളം ഇടമുണ്ടർ. രണ്ടുപേർക്ക് സുഖമായിരിക്കാം. വിശാലമായ കോ ഡ്രൈവർ സീറ്റ് .
മാരുതിയുടെ രണ്ട് സിലിണ്ടർ 793 സി.സി ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മാരുതി സ്വന്തമായി നിർമിച്ച ആദ്യ ഡീസൽ എൻജിനാണിതെന്ന പ്രത്യേകതയുമുണ്ട്. 3500 ആർ.പി.എമ്മിൽ 35 ബി.എച്ച്.പി കരുത്തും 200 ആർ.പി.എമ്മിൽ 75എൻ.എം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. 80 കിലോമീറ്റർ ആണ് പരമാവധി വേഗം. 22.3 കിലോമീറ്ററാണ് ഇന്ധനക്ഷമത.
740 കിലോഗ്രാം ഭാരം വരെ സൂപ്പർ കാരി ചുമക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടാറ്റയുടെ എയ്സും മഹീന്ദ്രയുടെ മാക്സിമോയുമൊക്കെയാണ് പ്രധാന എതിരാളികള്‍. 4.03 ലക്ഷം രൂപയാണ് വില. എന്താ ഒരു സൂപ്പര്‍ കാരി വാങ്ങി പരീക്ഷിക്കുന്നോ?
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.