പരീക്ഷണയോട്ടം നടത്തുന്ന ഏഴുസീറ്റര്‍ വാഗണ്‍ ആര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Aug 11, 2018, 3:35 PM IST
Highlights
  • ഏഴ് സീറ്റുള്ള വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടം
  • ദൃശ്യങ്ങള്‍ പുറത്ത്

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു സീറ്റിലാവും വാഹനം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ സെവന്‍ സീറ്റര്‍ വാഗണ്‍ ആര്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന നിരവധി ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബോഡി മറയ്ക്കാതെയുള്ള പുത്തന്‍ വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ട ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ദില്ലിയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങളെന്നാണ് സൂചന.

ഈ വര്‍ഷം സെപ്തംബര്‍ മാസത്തോടെ വാഹനത്തിന്‍റെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.രണ്ടു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജപ്പാനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി കാഴ്ചവെച്ചത്. വാഗണ്‍ ആര്‍ R3 എന്ന ഈ വാഹനമാവും ഇന്ത്യയിലെത്തുക. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി പുറത്തിറക്കിയിരുന്നു.  ഈ വാഹനത്തില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന്‍ സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്‍സ്മിഷന്‍. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം.

 2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 

click me!