
കണ്ണൂർ: പയ്യന്നൂരിൽ കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞതിൽ ഒടുവിൽ മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം. കാറിലുണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രിയായതിനാൽ സ്ത്രീയായി തോന്നിയതെന്നാണ് മറുപടി. സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ വന്ന നോട്ടീസിലായിരുന്നു ദുരൂഹ ചിത്രം.
ഇല്ലാക്കഥകൾ ഇതുപോലെ പലതും പ്രചരിച്ച പയ്യന്നൂർ കേളോത്തെ റോഡ് ക്യാമറ പടം. സെപ്തംബർ മൂന്നിന് രാത്രി എട്ടരയ്ക്ക് പതിഞ്ഞത്. ചെറുവത്തൂർ കൈതക്കാട്ടെ കുടുംബം കാറിൽ. ഡ്രൈവർ ആദിത്യൻ,മുൻ സീറ്റിൽ അമ്മയുടെ സഹോദരിയും പുറകിലെ സീറ്റിൽ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളും. പിന്നെവിടുന്നു വന്നു വണ്ടിയിലില്ലാത്ത ഒരു സ്ത്രീയുടെ ചിത്രമെന്നായിരുന്നു സംശയം.
ഓവർ ലാപ്പിങ്ങാണോ, പ്രതിബിംബം പതിഞ്ഞതാണോ? സംശയങ്ങൾ പലതുണ്ടായി.
ദുരൂഹത നീക്കാൻ എൻഫോഴ്സ്മെന്‍റ് ആർടിഓ പൊലീസിൽ പരാതി നൽകി.
ഒടുവിൽ മൂന്ന് മാസത്തിന് ശേഷം വിശദീകരണം വന്നു. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനാണ്. രാത്രിയായതിനാൽ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല,സാങ്കേതിക പ്രശ്നവുമല്ലെന്നാണ് വിശദീകരണം. കാറുടമയും പൊലീസിൽ പരാതി നൽകിയിരുന്നു. ദുരൂഹ ചിത്രം പതിഞ്ഞതിന് ശേഷം കേളോത്തെ റോഡ് ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും പ്രചാരണമുണ്ടായിരുന്നു. അത് ശരിയല്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.