പുത്തന്‍ സാന്‍ട്രോ ഫെബ്രുവരിയിലെന്ന് സൂചന

By Web DeskFirst Published Dec 30, 2017, 1:25 AM IST
Highlights

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ തിരികെയെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന സാന്‍ട്രോയുടെ പുതിയ പതിപ്പിന്‍റെതെന്ന പേരില്‍ രണ്ടു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ചിത്രങ്ങളും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  2018ല്‍ ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ വാഹനം അവതരിപ്പിക്കുമെന്നും സാന്‍ട്രോ എന്നു തന്നെയാവും പേരെന്നുമാണ് അനൗദ്യോഗിക വാര്‍ത്തകള്‍. 

സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹം ആദ്യം പരക്കുന്നത് 2017 ആഗസ്തിലാണ്.  പുതുതലമുറ വെര്‍ണ പുറത്തിറക്കുന്ന ചടങ്ങില്‍ ഹ്യുണ്ടായി സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയില്‍ ഹ്യുണ്ടായി കുടുംബത്തിലെ പുതിയ കോംപാക്ട് കാര്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് കൂ അന്ന് വ്യക്തമാക്കിയത്. ഇതോടെ ഈ മോഡല്‍ പുതിയ സാന്‍ട്രോ തന്നെയാണെന്ന് വാഹനപ്രേമികള്‍ വിധിയെഴുതി.

Courtesy:
India dot Com, Team BHP

ടോള്‍ ബോയ് ഡിസൈന്‍ വിട്ട് ഹ്യുണ്ടായി ഫ്ലൂയിഡിക് 2.0 പാറ്റേണിലാകും 2018 സാന്‍ട്രോ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ്ഓവര്‍ സ്‌റ്റൈലിലാകും കോംപാക്ട് കാര്‍ പുറത്തിറങ്ങുകയെന്നും രൂപകല്പനയിലും സവിശേഷതകളിലും പ്രീമിയം വിപണിക്കൊത്തതാകും പുതിയ മോഡലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡല്‍ ഒരു കുടുംബ വാഹനമാണെന്നും ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പില്‍ ലഭ്യമാകുമെന്നും വൈകെ കൂ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഡല്‍ ഏതാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നേരത്തെ നിര്‍മാണം അവസാനിപ്പിച്ച ജനപ്രിയ മോഡല്‍ i10-ന് പകരക്കാരനായാകും പുത്തന്‍ സാന്‍ട്രോ എന്നാണ് സൂചന.

നേരത്തെ ഹ്യുണ്ടായി അവതരിപ്പിച്ച കോംപാക്ട് കാറുകളെക്കാള്‍ നീളവും വീതിയും ഈ പുതിയ മോഡലിന് കൂടുതലുണ്ടാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 1.0 ലിറ്റര്‍/1.1 ലിറ്റര്‍ എഞ്ചിനില്‍ പുത്തന്‍ സാന്‍ട്രോ നിരത്തിലെത്താനാണ് സാധ്യത. എകദേശം 4-6 ലക്ഷത്തിനുള്ളിലാകും വിപണി വിലയെന്നും വാഹനത്തിന്റെ മറ്റ് ഫീച്ചേര്‍സുകള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2014-ന് ശേഷം സാന്‍ട്രോയുടെ സ്ഥാനത്ത് ഇയോണും i10, ഗ്രാന്റ് i10 മോഡലുകളും എത്തിയിരുന്നു. ഈ മോഡലുകളും ജനഹൃദയങ്ങള്‍ കീഴടക്കിയെങ്കിലും സാന്‍ട്രോയുടെ പേര് ഇന്നും മായാതെ നില്‍പ്പുണ്ട്.  i10 നിര്‍മാണം കമ്പനി അവസാനിപ്പിച്ചിരുന്നു. അതിനാല്‍ ഇയോണിനും ഗ്രാന്റ് i10-നും ഇടയിലാവും പുതിയ സാന്‍ട്രോയുടെ സ്ഥാനം. ടാറ്റ ടിയാഗോ ഓട്ടോമാറ്റിക്, റെനോ ക്വിഡ് ഓട്ടോമാറ്റിക് തുടങ്ങിയവയാകും സാന്‍ട്രോയുടെ മുഖ്യ എതിരാളികള്‍.

Courtesy:
Team BHP, India Dot Com

1998ലാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെതെന്നതാണ് രസകരമായ കാര്യം. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനത്തെ ഹ്യുണ്ടായി തിരികെ വിളിച്ചതിനു പിന്നിലെ കൗതുകം ഇപ്പോഴും അവശേഷിക്കുന്നു.

click me!