വരുന്നൂ, കിടിലന്‍ ഫീച്ചറുകളുമായി മിത്സുബിഷി ഔട്ട്‍ലാന്‍ഡര്‍

By Web DeskFirst Published Dec 17, 2017, 4:56 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി ഇന്ത്യയില്‍ പുതിയ ഔട്ട്‌ലാന്‍ഡര്‍ ക്രോസ്ഓവറുമായി എത്തുന്നതായി റിപ്പോര്‍ട്ട്. 2018 ജനുവരിയിലോ ഫെബ്രുവരിയിലോ ബുക്കിംഗ് ആരംഭിക്കുന്ന വാഹനത്തിന്‍റെ വില്‍പ്പന മെയ് മാസത്തോടെ ആരംഭിക്കുമെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയിലുള്ള പുതിയ വാഹനം ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

169 bhp കരുത്തും 225 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളും വാഹനത്തിനുണ്ടാകും.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും പ്രത്യേകതകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ വാഹനത്തിന് സുരക്ഷ ഒരുക്കും.

ഏകദേശം 30 ലക്ഷം രൂപയാവും വാഹനത്തിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില. 2008ലാണ് മിത്സുബിഷി രണ്ടാം തലമുറ ഔട്ട് ലാന്‍ഡറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2010ല്‍ വാഹനത്തിന്‍റെ ഫേസ് ലിഫ്റ്റ് മോഡലും അവതരിപ്പിച്ചിരുന്നു. ഹോണ്ട സിആര്‍വി ആയിരിക്കും പുതിയ ഔട്ട്ലാന്‍ഡറിന് ഇന്ത്യയിലെ മുഖ്യ എതിരാളി.

 

click me!