
ഊട്ടി സസ്യോദ്യാനത്തിലെ 150 വര്‍ഷം പഴക്കമുള്ള കുരങ്ങന്‍കേറാ മരത്തിന് തീപിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടേയാണ് സംഭവം. വൈകുന്നേരം ചാറ്റല്‍മഴയുണ്ടായിട്ടും തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. അഗ്‌നിശമനസേനയെത്തി തീകെടുത്തി. മിന്നലാകാം കാരണമെന്നാണ് അഗ്‌നിശമനവകുപ്പിന്‍റെ നിഗമനം. പുല്‍ത്തകിടിയിലും ഈ മരത്തിന്റെ ചുവട്ടിലും സഞ്ചാരികള്‍ കൂടുതലായി ഇരിക്കുക പതിവാണെങ്കിലും സംഭവദിവസം സഞ്ചാരികള്‍ കുറവായത് കൂടുതല്‍ വന്‍ദുരന്തം ഒഴിവാക്കി.
ആരങ്കരിയ ആരങ്കരിയാ എന്നതാണ് മരത്തിന്റെ ശാസ്ത്രനാമം. കുരങ്ങുകള്‍ കയറാന്‍ മടിക്കുന്ന മരമായതിനാലാണ് ഈ മരത്തിനു കുരങ്ങന്‍കേറാ മരമെന്ന പേര് ലഭിച്ചത്. ഇതിന്റെ ഇലകള്‍ സൂചിപോലെ കൂര്‍ത്ത് നില്‍ക്കുന്നതിനാലാണ് കുരങ്ങന്മാര്‍ അകലം പാലിക്കുന്നത്. ചിലിയാണ് മരത്തിന്റെ ജന്മദേശം. ഉദ്യാനനിര്‍മാണത്തിനിടെ 1860കളില്‍ ബ്രിട്ടീഷുകാരാണ് ഈ മരം നട്ടുവളര്‍ത്തിയത്. പല ഉദ്യാനങ്ങളിലെയും അലങ്കാരമരമാണ് കുരങ്ങന്‍കേറാ മരം.