പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അധിക നികുതിയുമായി കേന്ദ്രം

By Web TeamFirst Published Jan 24, 2019, 12:26 PM IST
Highlights

പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് എന്ന പേരില്‍ അിധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദില്ലി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് എന്ന പേരില്‍ അിധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും വിലയിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

എന്നാല്‍ ഗ്രീന്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ വാഹനങ്ങളുടെ വില ഉയരുമെന്നും ഇത് മൊത്ത വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  2018-ല്‍ 21.6 മില്ല്യണ്‍ ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.  ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വളര്‍ച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന ഉയരുന്നതായും കണക്കുകള്‍ പുറത്തു വന്നിരുന്നു. 2018 ഒക്ടോബറില്‍ സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്‍സ് ഓഫ്  ഇലക്ട്രിക്ക് വെഹിക്കിള്‍സിന്‍റെ പുറത്തുവിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18ല്‍ ഇലക്ട്രിക്ക് ഇരുചക്രവാഹന വില്‍പ്പന ഇരട്ടിയിലധികം ഉയര്‍ന്നുവെന്നാണ്.  

അതേസമയം ഇലക്ട്രിക്ക് കാര്‍ വില്‍പ്പന ഇടിഞ്ഞുവെന്നാണ് കണക്കുകള്‍. 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് 2018 മാര്‍ച്ച് അവസാനം ഏകദേശം 56,000 ഇലക്ട്രിക്ക് വാഹനങ്ങളാണ് നിരത്തിലുണ്ടായിരുന്നത്.
 

click me!