അമ്പരപ്പിക്കും പറക്കുംകാറുമായി പോര്‍ഷെയും

By Web DeskFirst Published Mar 8, 2018, 12:01 PM IST
Highlights
  • പറക്കുംകാറുമായി പോര്‍ഷെ

പറക്കുംകാറുകളെന്ന അദ്ഭുതവാഹനത്തെപ്പറ്റി കഴിഞ്ഞ കുറേക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ പറക്കും കാറുമായി സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ വന്‍നഗരങ്ങളില്‍ എയര്‍ടാക്സികള്‍ക്കുള്ള സാധ്യത പരിഗണിച്ച് ഈ മേഖലയിലെക്കു കടക്കുകയാണെന്ന്  പോർഷെ അധികൃതര്‍ വ്യക്തമാക്കി. 2025 ഓടെ വാഹനം വിപണിയിലെത്തിക്കാനാണ് ഫോക്സ് വാഗണ്‍ ഗ്രൂപ്പില്‍പ്പെട്ട പോര്‍ഷെയുടെ നീക്കങ്ങള്‍.

ജനീവ ഓട്ടോ ഷോയിൽ ഫോക്സ് വാഗണ്‍ ഡിസൈനർമാരായ ഇറ്റാൽഡിസൈനും വിമാന നിർമാതാക്കളായ എയർബസും ചേർന്നു  പറക്കും കാറിന്‍റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്നതായിരുന്നു പോപ്പ് - അപ്പ് എന്നു പേരിട്ട ഈ മോഡല്‍. യാത്രക്കാർക്കു കൂടി നിയന്ത്രിക്കാൻ കഴിയുന്നവിധം ഓട്ടമേഷൻ രീതിയിലാമായിരിക്കും പോർഷെ പറക്കും കാറിന്റെ രൂപകൽപ്പനയെന്നാണു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇത് നിയന്ത്രിക്കാൻ പൈലറ്റ് ലൈസൻസ് വേണ്ടിവരില്ലെന്നും സൂചനകളുണ്ട്.

പോർഷെയ്ക്കു പുറമെ നിരവധി കമ്പനികൾ ഇത്തരം വാഹനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും മുഴുകിയിട്ടുണ്ടെന്നത് ഈ മേഖലയില്‍ ഭാവിയിലെ വന്‍ കുതിച്ചു ചാട്ടത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

click me!