
രാജ്യത്തെ നിരത്തുകളില്‍ 2030 ഓടെ പൂര്‍ണമായും വൈദ്യത വാഹനങ്ങളെന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്‍നപദ്ധതിക്ക് കരുത്ത് പകര്‍ന്ന് റിലയന്‍സ്. മൂന്നു മാസത്തിനകം മുംബൈയിലും പ്രാന്ത പ്രദേശങ്ങളുമായി വൈദ്യുത വാഹന ചാർജിങ്ങിനുള്ള 15 സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നു റിലയൻസ് എനർജി വ്യക്തമാക്കി. മുംബൈയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്മാർട് സ്ലോ, ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു പദ്ധതി.
പെട്രോളിലും ഡീസലിലും ഓടുന്ന പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ആറിലൊന്നു മാത്രമാണ് വൈദ്യുത വാഹനങ്ങളുടെ പ്രവർത്തന ചെലവെന്നും പരിസ്ഥിതി സൗഹൃദമാണെന്നതിനൊപ്പം പ്രവർത്തന ചെലവ് കുറവാണെന്നതും വൈദ്യുത വാഹനങ്ങളുടെ നേട്ടമാണെന്ന് റിലയൻസ് എനർജി വ്യക്തമാക്കി. മൂന്നു വർഷത്തിനകം വൈദ്യുത വിതരണ മേഖലയിൽ പൂർണമായി ചാർജിങ് കേന്ദ്രങ്ങൾ തുറക്കാനാണു റിലയൻസ് ലക്ഷ്യമിടുന്നത്.
മുംബൈ നഗരത്തിലും പരിസരങ്ങളിലും വൈദ്യുത വിതരണ ലൈസൻസുള്ള കമ്പനിയാണു റിലയൻസ് എനർജി. മുംബൈയിലെ വൈദ്യുത ബിസിനസ് അടുത്തയിടെ റിലയൻസ് എനർജി 18,800 കോടിയോളം രൂപയ്ക്ക് അദാനി ട്രാൻസ്മിഷനു വിറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണു കമ്പനിക്കു വിതരണ ലൈസൻസുള്ള പ്രദേശത്ത് ആദ്യഘട്ടമെന്ന നിലയിൽ 15 ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്നു റിലയൻസ് എനർജി പ്രഖ്യാപിച്ചത്.
കൂടാതെ പാർക്കിങ് പ്ലാസകളിലെയും ഓഫിസുകളിലെയും മാളുകളിലെയുമൊക്കെ പൊതുസ്ഥലങ്ങളിൽ ഇരുചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങൾക്കു ചാർജിങ് സൗകര്യം ഒരുക്കാനും റിലയലൻസ് എനർജി ആലോചിക്കുന്നുണ്ട്.
മുംബൈയിൽ വൈദ്യുത വാഹന ചാർജിങ്ങിനായി കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നു ടാറ്റ പവറും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.