റോയല്‍എന്‍ഫീല്‍ഡ് ഡ്യൂക്കാറ്റിയെ ഏറ്റെടുത്തേക്കും

By Web DeskFirst Published Sep 9, 2017, 10:26 AM IST
Highlights

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാവായ ഡ്യൂക്കാറ്റിയെ വിവിധ കമ്പനികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയിട്ട് കുറച്ചുകാലമായി. ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ഡ്യൂക്കാറ്റി, നിലവില്‍ ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള ഔഡിയുടെ നിയന്ത്രണത്തിലാണ്. വാഹന മലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോക്സ്‌വാഗണ്‍ ഗ്രൂപ്പ് ഈയിടെ പ്രതിസന്ധിയിലായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ വന്‍ തുക ആവശ്യമായ സാഹചര്യത്തിലാണ് ഗ്രൂപ്പിന് കീഴിലുള്ള ഡ്യൂക്കാറ്റി വില്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ഡ്യൂക്കാറ്റിയെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  180-200 കോടി ഡോളര്‍ (ഏകദേശം 11,500-12,800 കോടി രൂപ) ചെലവാക്കി ഡ്യൂക്കാറ്റിയെ ഏറ്റെടുക്കാന്‍ ഐഷര്‍ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു, എന്നാല്‍  കമ്പനി ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

90 രാജ്യങ്ങളിലായി 750 ലധികം ഡീലര്‍മാരാണ് ഡുക്കാട്ടിക്കുള്ളത്. കഴിഞ്ഞ വര്‍ഷം 55,451 ബൈക്കുകളാണ് ഡുക്കാറ്റി ആഗോളതലത്തില്‍ വിറ്റഴിച്ചത്. അതേസമയം, റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.50 ലക്ഷം ബൈക്കുകള്‍ വിറ്റഴിച്ചു. എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ 350-500 സി.സി. ശ്രേണിയിലുള്ളവയാണ്. അതേസമയം, ഡുക്കാട്ടിയുടേത് 800 സി.സി. മുതല്‍ 1,200 സി.സി. വരെയുള്ളവയാണ്.

ലോകത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ കമ്പനികളിലൊന്നായ ഐഷര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലേക്ക് ആഗോളബ്രാന്‍ഡായ ഡുക്കാട്ടി വന്നാല്‍ കമ്പനിയുടെ ഉത്പന്നശ്രേണി വിപുലപ്പെടുത്താന്‍ കഴിയും.

ഇന്ത്യയിലെ തദ്ദേശീയ ഇരുചക്രവാഹന നിർമാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഈ മാസം ആദ്യമാണ്. ഈ കൂട്ടുകെട്ടില്‍ നിന്നും രൂപമെടുക്കുന്ന ആദ്യത്തെ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ സ്വപ്‍നമായ 750 സി സി ബുളളറ്റിനെ എതിരിടുന്നതാകുമെന്നാണ് വാഹനലോകത്തു നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. റോയൽ‌ എൻഫീൽഡ് മിഡ് വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് പുറത്തിറക്കുന്ന 750 സിസി ബൈക്കുമായിട്ടായിരിക്കും ബജാജ്–ട്രയംഫ് ബൈക്ക് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ റോയല്‍എന്‍ഫീല്‍ഡ് ഡ്യൂക്കാറ്റിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വാഹനലോകം ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

click me!