കേട്ടാല്‍ ഞെട്ടുന്ന ഓഫറുമായി ഹര്‍ലി ഡേവിസണ്‍

By Web DeskFirst Published Sep 8, 2017, 9:49 PM IST
Highlights

ചീറിപ്പായുന്ന ബൈക്കുകളോട് ഹരമുള്ളവരുടെ പ്രിയ വാഹനമാണ് ഹര്‍ലി ഡേവിസണ്‍. ലക്ഷങ്ങള്‍ വില വരും ഈ സൂപ്പര്‍ ബൈക്കുകള്‍ക്ക്. എന്നാല്‍ ഹര്‍ലി ഡേവിസന്റെ വിവിധ മോഡലുകള്‍ക്ക് രണ്ടരലക്ഷം രൂപ വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഹാര്‍ലി ഡേവിസണ്‍ ഫാറ്റ് ബോയ് മോഡല്‍ ഇപ്പോള്‍ 14.99 ലക്ഷം രൂപയ്‌ക്ക് ലഭിക്കും. മുമ്പ് ഈ മോഡലിന്റെ വില 17.01 ലക്ഷം രൂപയായിരുന്നു. അതുപോലെ സോഫ്റ്റെയില്‍ ക്ലാസിക് മോഡലിന് ഇപ്പോള്‍ 15.99 ലക്ഷം രൂപയാണ് വില. ഈ മോഡലിന് നേരത്തെ 18.50 ലക്ഷം രൂപയായിരുന്നു വില. അതായത് ഈ മോഡലിന് രണ്ടരലക്ഷം രൂപ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം വിലയാണ് മുകളില്‍ കൊടുത്തത്.

സെപ്റ്റംബര്‍ ഒന്ന് എന്ന മുന്‍കാലപ്രാബല്യത്തോടെ നിലവില്‍ വരുന്ന വിലക്കുറവ് ഓഫര്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും. പ്രതിമാസ തവണ വ്യവസ്ഥയില്‍ ഹര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ സ്വന്തമാക്കുന്നതിനായി ബുള്ളറ്റ് ഇഎംഐ എന്ന പേരില്‍ മറ്റൊരു ഓഫര്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഫാറ്റ് ബോയ് മോഡലിന് പ്രതിമാസം 14999 രൂപയും ഹെറിറ്റേജ് സോഫ്‌റ്റെയില്‍ മോഡലിന് 15999 രൂപയുമാണ് വില.

2018ഓടെ കൂടുതല്‍ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് ഹര്‍ലി ഡേവിസണ്‍ കമ്പനി വക്താവ് അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളുടെ എഞ്ചിന്‍ ഉള്‍പ്പടെ പരിഷ്‌ക്കരിച്ച് പുറത്തിറക്കുന്ന കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഏതായാലും ഇന്ത്യയെ പ്രധാന വിപണിയായി കണ്ടുകൊണ്ടാണ് ഹര്‍ലി ഡേവിസണ്‍ മുന്നോട്ടുപോകുന്നത്.

click me!