
പുല്‍പ്പള്ളി ഇരുളം പാതയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം അവന്‍ പരിചിതനാണ്. അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ല. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. ഒത്ത കൊമ്പനാനയാണ് അവന്‍. നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും മുറിഞ്ഞ വാലുമൊക്കെയായി അവന്‍ പുല്‍പ്പള്ളി ഇരുളം മേഖലയിലെ റോഡരികില്‍ തന്നെയുണ്ടായും. മനുഷ്യരുടെ സാമിപ്യം വിട്ട് അവനെങ്ങും പോകാറില്ലെന്നതാണ് സത്യം.
വൈകുന്നേരമായാല്‍ പതിയെ നടന്ന് ഇരുളത്തെ കടകള്‍ക്കടുത്തെത്തും. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. ഉപ്പു ചാക്കുകളാണ് ലക്ഷ്യം. അത് ചവിട്ടിപ്പൊട്ടിച്ച് അകത്താക്കും. അതു മാത്രമാണ് മണിയനെന്ന് നാട്ടുകാര്‍ വിളിക്കുന്ന ആ കാട്ടുകൊമ്പനെപ്പറ്റി ഇക്കാലമത്രയുമുള്ള പരാതിയും.
രാത്രി റോഡരികില്‍ തന്നെ കാണും മണിയന്‍. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും മണിയന്റെ അടുത്തെത്താം. അവനെത്തൊടാം. അവനോട് ചങ്ങാത്തം കൂടാം. മണിയനെത്തിയാല്‍ ഇരുളത്തെ ഒട്ടുമിക്ക നാട്ടുകാരും ഒത്തുകൂടും. അവരവന് ചക്കയും വാഴപ്പിണ്ടിയും ഇല്ലിക്കൊമ്പുമൊക്കെ എത്തിച്ച് കൊടുക്കും. അതൊക്കെ തിന്ന് അവനങ്ങനെ നില്‍ക്കും.
ഇടയ്ക്ക് കുറച്ച് കാലത്തേക്ക് അവനെ റോഡരികിലൊന്നും കാണാനില്ലായിരുന്നു. പിന്നീടൊരു ദിവസം പെട്ടന്ന് ഇരുളത്തെ കൊല്ലിയില്‍ അവനെക്കണ്ടു. കണ്ണ് നിറഞ്ഞ് വാലില്‍ മുറിവേറ്റ നിലയിലായിരുന്നു മണിയനെ അന്ന് കണ്ടത്. മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇരുളത്തെ കൊല്ലിയില്‍ വെച്ച് ഡോ.അരുണ്‍ സക്കറിയ അവനെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സിച്ചു.
അത് രണ്ടാമത്തെ തവണയായിരുന്നു മണിയനെ മയക്കുവെടിവെച്ച് പിടികൂടിയത്. നേരത്തേ കോളര്‍ ഐഡി ഘടിപ്പിക്കാന്‍ മണിയനെ മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. ഇപ്പോള്‍ കഴുത്തില്‍ കോളര്‍ ഐഡിയുമായാണ് മണിയന്റെ നടപ്പ്. അവന്‍ എവിടെയുണ്ടെന്നും എവിടെയൊക്കെ പോകുന്നുവെന്നും വനംവകുപ്പ് ഓഫീസില്‍ ഇരുന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും.
മണിയനെപ്പറ്റി വാര്‍ത്ത ചെയ്യാത്ത മാധ്യമ പ്രവര്‍ത്തകരില്ല വയനാട്ടില്‍. പത്രങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം മണിയനെപ്പറ്റി പറഞ്ഞിട്ടുണ്ട്. മണിയനെപ്പറ്റി ഞാന്‍ വാര്‍ത്ത ചെയ്തതിന്റെ അടുത്ത ദിവസങ്ങളിലൊന്നില്‍ എന്റെ സുഹൃത്തുക്കളായ സിനിമാക്കാരന്‍ ഗോവിന്ദന്‍കുട്ടിയും ദേശാഭിമാനി മംഗലാപുരം ലേഖകന്‍ അനീഷ് ബാലനും വയനാട്ടിലെത്തി. മണിയനെ കാണണമെന്ന് പറഞ്ഞത് ഗോവിന്ദനാണ്. ഇരുളം ഭാഗത്ത് അവനുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ മൂന്നു പേരും കൂടി ഇരുളത്തേക്ക് തിരിച്ചു. ചാറ്റല്‍ മഴയുണ്ട്. ഇരുളം റോഡിലെങ്ങും മണിയനെ കാണാനില്ല. കവലയില്‍ മൂന്നാല് പേര് നില്‍ക്കുന്നുണ്ട്. അവരോട് ചോദിച്ചു.
അത് ഇവിടേണ്ടാര്‍ന്ന്. ഇപ്പോ കേറിപ്പോയേയൊള്ള്. മേലേ കാട്ടില് കാണും. അവരിലൊരാള്‍ പറഞ്ഞു.
എന്നാ ചേട്ടനൂടെ വരാമോ. അവനെ ഒന്ന് കാണിച്ച് തരുമോയെന്ന് ചോദിച്ച് ഗോവിന്ദന്‍കുട്ടി 50 രൂപയെടുത്ത് അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ അത് വാങ്ങിക്കൂടെ വന്നു. അയാളുടെ സുഹൃത്തും.
കുറച്ച് മുകളിലേക്ക് ചെന്നപ്പോള്‍ തന്നെ മണിയന്‍ അവിടുണ്ടെന്ന് മനസിലായി. പൊന്തക്കാടിനുള്ളില്‍ അവന്റെ ഉയര്‍ന്ന മസ്തകം കാണാം. ചുണ്ടില്‍ വിരല്‍ വെച്ച് കൂടെ വന്നയാള്‍ ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞു. മിണ്ടാതെ ഞങ്ങള്‍ അവര്‍ക്കൊപ്പം നടന്നു.വിശാലമായ പുല്‍ത്തകിടി. അതിനപ്പുറത്തെ പൊന്തക്കുള്ളില്‍ മണിയനെന്ന കാട്ടാന. കൂടെ വന്നയാള്‍ മണിയനെ പേര് ചൊല്ലി വിളിച്ചു. മണിയന്‍ പതിയെ പൊന്തക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നു. അപ്പോള്‍ ഗോവിന്ദന് മണിയന്റെ പശ്ചാത്തലത്തില്‍ പടമെടുക്കണം.
റിസ്‌ക്കാണ്. ഞാന്‍ പറഞ്ഞു.
അവന്‍ മുന്നോട്ട് വരികയാണ്. കൂടെ വന്നവരും പറഞ്ഞു. കൊഴപ്പാകുമേന്ന്.
കുഴപ്പമില്ല... നീ ഒരു പടമെടുക്കെന്ന് പറഞ്ഞ് ഗോവിന്ദന്‍കുട്ടി നിന്നു.
പടമെടുക്കാന്‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ വ്യൂ ഫൈന്‍ഡറിലൂടെ ഞാന്‍ കണ്ടു. മണിയന്‍ വേഗത്തില്‍ ഓടി മുന്നോട്ടടുക്കുന്നു. രണ്ട് പടമെടുത്തു. ഓടിക്കോ ഗോവിന്ദാ എന്ന് പറഞ്ഞ് ഞാന്‍ ഓടി. ഞങ്ങള്‍ക്കൊപ്പം വന്ന രണ്ട് പേര്‍ അതിനും നിമിഷങ്ങള്‍ക്ക് മുന്നേ ഓടിയിരുന്നു.
അനീഷും ഞാനും ഒരു വഴിക്കാണ് ഓടിയത്. ഗോവിന്ദന്‍ ഏത് വഴി പോയെന്ന് ഞങ്ങള്‍ക്കറിയില്ല.ട്രഞ്ച് ചാടിക്കടന്ന് റോഡിലെത്തി ഞാനും അനീഷും പരസ്പരം നോക്കി.നോട്ടത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ക്ക് മനസിലായി....ഗോവിന്ദന്‍ എവിടെ...?
റോഡിലൂടെ നടന്ന് കാറ് കിടന്ന ഭാഗത്തെത്തിയപ്പോള്‍ ദാ നില്‍ക്കുന്നു കാല് മുറിഞ്ഞ് ചോര വന്ന് ഗോവിന്ദന്‍കുട്ടി. അപ്പോളും ഓടിയതിന്റെ അണപ്പ് മാറിയിട്ടില്ലായിരുന്നു. അവനെ കാണാതിരുന്നതിന്റെ അന്ധാളിപ്പും.
തൊട്ടപ്പുറത്ത് ഞങ്ങള്‍ക്കൊപ്പം വന്ന രണ്ട് പേര്‍ ഇതൊക്കെ എന്ത് എന്ന നിലയില്‍ ബീഡി വലിച്ചുകൊണ്ട് നില്‍ക്കുന്നു. അടുത്തേക്ക് ചെന്ന ഞങ്ങളോട് അവര്‍ പറഞ്ഞു..
അവന്‍ പാവമാ..ഇവിടൊക്കെ വരും.പക്ഷേ അതൊരു വന്യമൃഗമല്ലേ..അതെന്താ ഓര്‍ക്കാഞ്ഞേ?
അവരോട് നന്ദി പറഞ്ഞ് ഞങ്ങള്‍ തിരികെ പോന്നു.തിരികെ പോരുമ്പോള്‍ ഗോവിന്ദന്‍ ചോദിച്ചു. ഡാ പടം കിട്ടിയോന്ന്. ഞാന്‍ തെറി വിളിച്ചില്ലാന്നേയുള്ളൂ..
അന്ന് അനീഷിന്റെ ഭാര്യ 8 മാസം ഗര്‍ഭിണിയാണ്. കുഞ്ഞിന്റെ മുഖം കാണാമെന്ന് വിചാരിച്ചതല്ല. ആ ഓട്ടത്തിലെല്ലാം ഭാര്യ സീനിയയുടെ മുഖമായിരുന്നെടാ മനസിലെന്നാണ് അവന്‍ പറഞ്ഞത്. ജീവനും കൈയ്യില്‍ പിടിച്ചുള്ള ഓട്ടമായിരുന്നല്ലോ.
സത്യത്തില്‍ മണിയന്‍ ഉപദ്രവിക്കാന്‍ വന്നതായിരുന്നില്ല. അവന്‍ ശാന്തനാണ്. ആരെയും ഉപദ്രവിക്കില്ല. കാട്ടിലെത്തി വിളിച്ചപ്പോള്‍ അവന്‍ വിചാരിച്ചത് അവനുളള ഭക്ഷണവുമായി വന്ന് വിളിക്കുകയാണെന്നാണ്. ഭക്ഷണം കഴിക്കാന്‍ വന്ന അവന്റെ വരവാണ് കൊല്ലാനുള്ള വരവായിക്കണ്ട് ഞങ്ങള്‍ ജീവനും കൈയ്യില്‍ പിടിച്ച് ഓടിയത്.
മണിയന്‍ നാട്ടാനയായിരുന്നുവെന്നാണ് അവനെപ്പറ്റിയുള്ള ഒരു കഥ. ഉടമയുടെ തോട്ടത്തിന് ചുറ്റും വന്യമൃഗങ്ങള്‍ കയറാതിരിക്കാന്‍ വൈദ്യുത വേലി സ്ഥാപിച്ചിരുന്നുവത്രേ. അതില്‍ തട്ടി ഒരു കാട്ടുകൊമ്പന്‍ ചരിഞ്ഞു. കേസും വയ്യാവേലിയും പേടിച്ച് കാട്ടുകൊമ്പന് പകരം മണിയനെ ചങ്ങലയഴിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. ചരിഞ്ഞ കൊമ്പന്റെ കാലില്‍ ചങ്ങല കെട്ടി മണിയനുമാക്കി. കൊമ്പ് വനംവകുപ്പ് കൊണ്ടുപോയി. ഉടമയ്ക്ക് ഇന്‍ഷുറന്‍സും കിട്ടി. മണിയന്‍ കാട്ടനയുമായി. നാട്ടില്‍ വളര്‍ത്തിയ ആനയായതുകൊണ്ടാണ് മണിയന് മനുഷ്യരുമായി ഇത്ര അടുപ്പമെന്നാണ് ഇരുളത്തുകാര്‍ പറയുന്നത്.
ഒടുവില്‍ കഴിഞ്ഞ തവണ വയനാട്ടിലെത്തിയപ്പോള്‍ പുല്‍പ്പള്ളിയിലേക്കുള്ള യാത്രക്കിടെ മണിയനെ കണ്ടു. റോഡരികില്‍ തിട്ടിന് മുകളില്‍ മണിയന്‍ നില്‍ക്കുന്നു. വളഞ്ഞ കൊമ്പും ഉയര്‍ന്ന മസ്തകവുമൊക്കെയായി. കഴുത്തില്‍ കോളര്‍ ഐഡിയുണ്ട്. പക്ഷേ അവന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. വണ്ടി നിര്‍ത്തി പുറത്തിറങ്ങി മണിയാന്ന് ഞാന്‍ നീട്ടി വിളിച്ചു. അവന്‍ തലയൊന്ന് ഉയര്‍ത്തി നോക്കി. എന്തോ പരിചയം ഉള്ളപോലെ. പണ്ട് ഇതുപോലെ വിളിച്ച് പറ്റിച്ച കാര്യം അവന്‍ ഓര്‍ക്കുന്നുണ്ടാകും. അതാകും അവന്‍ പിന്നെയും പുല്ലു പറിച്ച് തീറ്റ തുടര്‍ന്നത്.
കൂടെയുണ്ടായിരുന്ന ഹരി പത്തനാപുരത്തിന് അവന്റെ മുന്നില്‍ നിന്ന് പടമെടുക്കണം. തിട്ട് കയറി ഹരി അവന്റെ മുന്നിലേക്ക് എത്തി. സഹയാത്രികനായ ബിനു തെന്മല ആ ചിത്രങ്ങള്‍ പകര്‍ത്തി.
അവനൊപ്പം നിന്ന് ഒറ്റക്കൊരു പടമെടുക്കണമെന്ന് എനിക്ക് തോന്നി. എത്രയോ കാലത്തിന് ശേഷമാണ് അവനെ കാണുന്നത്. ഇനി അവനെ എന്ന് കാണുമെന്ന് അറിയുകയും ഇല്ലല്ലോ. അതുകൊണ്ട് അവനൊപ്പം ഒരു സെല്‍ഫിയെടുത്താണ് ഞാന്‍ പോന്നത്. അപ്പോഴും മനസില്‍ തോന്നിയത് പണ്ട് കൂടെവന്ന ആ മനുഷ്യന്‍ പറഞ്ഞതാണ്.
മണിയന്‍ പാവമാണ്. ശാന്തനും. പക്ഷേ അവനൊരു വന്യജീവിയാണല്ലോ...
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.