വൈദ്യുത കാറുകള്‍ പുറത്തിറക്കാന്‍ സുസുക്കിയും ടൊയോട്ടയും കൈകോര്‍ക്കുന്നു

By Web DeskFirst Published Nov 20, 2017, 5:16 PM IST
Highlights

ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും കൈകോര്‍ക്കുന്നു. സംയുക്ത സംരംഭത്തിലൂടെ 2020ല്‍ വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് ശ്രമം.

ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ട് രണ്ട് വിദേശ കമ്പനികള്‍ ഇന്ത്യയില്‍ വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാന്‍ കൈകോര്‍ക്കുകയാണ്. സുസുക്കി നിര്‍മ്മിക്കുന്ന കാറുകള്‍ 2020ഓടെ ഇന്ത്യന്‍ വിപണയിലെത്തിക്കാനാണ് ശ്രമം. ആദ്യ ഘട്ടത്തില്‍ സുസുക്കി നിര്‍മ്മിക്കുന്ന കാറുകള്‍ തന്നെയാണ് ടൊയോട്ട മോട്ടോര്‍സും വിപണിയിലെത്തിക്കുന്നത്. സുസുക്കിക്ക് ടൊയോട്ട സാങ്കേതിക സഹായം ലഭ്യമാക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇരു കമ്പനികളും സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണം. വൈദ്യുത കാറുകള്‍ അവതരിപ്പിക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കാനാണ് ടൊയോട്ടയുടെ നീക്കം. ടൊയോട്ടയുടെ ഓട്ടോമാറ്റിക് ഡ്രൈവിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ കരസ്ഥമാക്കാമെന്ന് സുസുക്കിയും കണക്കുകൂട്ടുന്നു. 

സംയുക്ത സംരംഭത്തിലൂടെ രാജ്യത്ത് വിവിധയിടങ്ങളില്‍ കാര്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനും മികച്ച വില്‍പ്പനാനന്തര സേവനം നല്‍കാനും ഇരു കമ്പനികള്‍ക്കുമാവും.  ഗുജറാത്തിലെ പ്ലാന്റില്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ തോഷിബ, ഡെന്‍സോ എന്നീ കമ്പനികളുമായി ചേര്‍ന്ന് 1150 കോടി നിക്ഷേപിക്കുമെന്ന് സുസുക്കി നേരത്തെ അറിയിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് പ്രാവര്‍ത്തികമാക്കിയാല്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷ.

click me!