
ഗുജറാത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ. ഗുജറാത്ത് കാർ നിർമാണശാലയിൽ 3,800 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നു സുസുക്കി വ്യക്തമാക്കി.
സുസുക്കി മോട്ടോർ കോർപറേഷന്റെ പൂർണ ഉടമസ്ഥതയിൽ ഇന്ത്യയിൽ ആരംഭിച്ച ആദ്യ സംരംഭമായ അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലെ നിര്‍മ്മാണ ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താൻ വേണ്ടിയാണു സുസുക്കി പുതിയ നിക്ഷേപത്തിനൊരുങ്ങന്നത്. നിലവിൽ എൻജിൻ, ട്രാൻസ്മിഷൻ ഉൽപ്പാദന കേന്ദ്രത്തിനും രണ്ട് അസംബ്ലി ലൈനുകൾക്കുമായി മൊത്തം 9,600 കോടി രൂപയാണു സുസുക്കി ഗുജറാത്തിൽ മുടക്കിയത്. 3,800 കോടി രൂപ ചെലവിൽ പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള മൂന്നാം അസംബ്ലി പ്ലാന്റ് കൂടി സ്ഥാപിക്കുന്നതോടെ ശാലയിലെ മൊത്തം നിക്ഷേപം 13,400 കോടി രൂപയായി ഉയരും.
മൂന്നാം അസംബ്ലി ലൈൻ കൂടി പ്രവർത്തന സജ്ജമാവുന്നതോടെ ഗുജറാത്ത് ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഏഴര ലക്ഷം യൂണിറ്റായി ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹൻസാൽപൂരിലെ ആദ്യ രണ്ട് അസംബ്ലി ലൈനുകളുടെ ഉൽപ്പാദന ശേഷി പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് വീതമാണ്. എൻജിൻ — ട്രാൻസ്മിഷൻ പ്ലാന്റിന്റെ ശേഷി പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റും. ഹൻസാൽപൂരിലെ ആദ്യ ശാലയിൽ നിന്നു നിലവിൽ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണു പുറത്തിറങ്ങുന്നത്. രണ്ടാം പ്ലാന്റും എൻജിൻ — ട്രാൻസ്മിഷൻ ശാലകളും 2019ൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.
കൂടാതെ ലിതിയം അയോൺ ബാറ്ററി നിർമാണത്തിനായി 1,150 കോടി രൂപ കൂടി നിക്ഷേപിക്കാനും സുസുക്കിക്കു പദ്ധതിയുണ്ട്. ജാപ്പനീസ് പങ്കാളികളായ തോഷിബ, ഡെൻസൊ എന്നീ കമ്പനികളുമായി ചേർന്നു സുസുക്കി സ്ഥാപിക്കുന്ന സംയുക്ത സംരംഭമാണു ബാറ്ററി നിർമിക്കുക.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.