നാനോ കാലം കഴിയുന്നു; ജൂണിൽ ഉൽപാദിപ്പിച്ചത് ഒരൊറ്റ കാർ മാത്രം

By Web DeskFirst Published Jul 6, 2018, 8:37 AM IST
Highlights
  • രാജ്യമെമ്പാടുമായി വെറും മൂന്ന് നാനോ കാറുകളാണ് ജൂൺ മാസത്തിൽ വിറ്റു പോയത്

ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ നാനോ കാർ വിപണിയിൽ നിന്നും വിടവാങ്ങുകയാണോ...? ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ  ഒരൊറ്റ നാനോകാറാണ് ടാറ്റാ മോട്ടോഴ്സ് ഉൽപാദിപ്പിച്ചത്. രാജ്യമെമ്പാടുമായി വെറും മൂന്ന് നാനോ കാറുകളാണ് വിറ്റു പോയത്. തീരെ ഡിമാൻഡ് ഇല്ലാത്ത ഇൗ അവസ്ഥയിൽ നാനോയുടെ ഉത്പാദനം ടാറ്റാ ​ഗ്രൂപ്പ് അവസാനിപ്പിച്ചേക്കും എന്നാണ് വാഹനവ്യവസായരം​ഗത്ത് പ്രചരിക്കുന്ന അഭ്യൂഹം. 

2017 ജൂണിൽ 275 കാറുകളാണ് ടാറ്റ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ മാസം 25 നാനോ കാറുകൾ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനപ്പുറം ഒരു കാർ പോലും വിദേശത്തേക്ക് കയറ്റി അയക്കാൻ ടാറ്റാ ​ഗ്രൂപ്പിനായില്ല. കഴിഞ്ഞ വർഷം ജൂണിൽ 167 കാറുകളാണ് ടാറ്റ വിറ്റഴിച്ചത് ഇതാണ് ഇപ്പോൾ മൂന്നായി ചുരുങ്ങിയത്. 

നാനോയുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഉൽപാദനം നിർത്തുന്നതിനെക്കുറിച്ച് ഇതുവരെ കമ്പനി ആലോച്ചിച്ചിട്ടില്ലെന്നുമാണ് ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കുന്നത്. നിലവിലെ അവസ്ഥയിൽ 2019-ന് അപ്പുറം നാനോ വാങ്ങാൻ ആളുണ്ടാവില്ല. കാര്യമായ പരിഷ്കാരങ്ങളും നിക്ഷേപങ്ങളും നടത്തിയാൽ മാത്രമേ നാനോയെ നിലനിർത്താൻ സാധിക്കൂ- ടാറ്റാ മോട്ടോഴ്സ് വക്താവ് പറയുന്നു. 

ടാറ്റാ ​ഗ്രൂപ്പ് മുൻചെയർമാൻ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമായിട്ടാണ് 2008-ലെ ഡൽഹി ഒാട്ടോ എക്സ്പോയിൽ  ടാറ്റാ മോട്ടോഴ്സ്  നാനോ കാർ പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷണത്തോടെ ലോകത്തിന് മുൻപിലെത്തിയ നാനോ കാർ ആ​​ഗോളതലത്തിലും ശ്രദ്ധപിടിച്ചു മാറ്റിയിരുന്നു.  

സ്വന്തമായി ഒരു കാർ എന്ന സാധാരണക്കാരന്റെ സ്വപ്നം സാധ്യമാക്കാൻ നാനോ വഴി തുറക്കുമെന്നായിരുന്നു നാനോ കാർ പുറത്തിറക്കി കൊണ്ട് രത്തൻ ടാറ്റ പറഞ്ഞത്. എന്നാൽ ബം​ഗാളിൽ നാനോകാർ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കർഷകകലാപത്തെ തുടർന്ന് പദ്ധതി ടാ​റ്റാ ​ഗ്രൂപ്പ് ​ഗുജറാത്തിലേക്ക് മാറ്റി. പിന്നീട് ​ഗുജറാത്തിലെ പ്ലാന്റിൽ നിന്നും 2009 മാർച്ചിലാണ് നാനോ കാർ ഇന്ത്യൻ വിപണിയിലെത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു നികുതി കൂട്ടാതെയുള്ള കാറിന്റെ വില. 

ഇന്ത്യൻ വാഹനരം​ഗത്ത് നാനോകാർ വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കാൻ നാനോയ്ക്ക് സാധിച്ചില്ല. തുടക്കകാലത്ത് ചില നാനോ കാറുകൾ ഓട്ടത്തിനിടെ കത്തിയ സംഭവവും നാനോയ്ക്കും ടാറ്റായ്ക്കും ചീത്തപ്പേരുണ്ടാക്കി. ചീപ് കാർ എന്ന നിലയിൽ അവതരിപ്പിച്ചതാണ് നാനോയ്ക്ക് തിരിച്ചടിയായതെന്ന് പിന്നീട് രത്തൻ ടാറ്റാ തന്നെ തുറന്നു പറഞ്ഞിരുന്നു. 

click me!