ലോകത്തെ അമ്പരപ്പിച്ച ടാറ്റയുടെ ആ കാര്‍ ഒടുവില്‍ ഇന്ത്യയിലേക്ക്!

By Web DeskFirst Published Feb 6, 2018, 5:05 PM IST
Highlights

രാജ്യത്തെ തദ്ദേശീയവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടോര്‍സിന്‍റെ സബ് ബ്രാന്‍ഡ് ടാമോ ശ്രേണിയിലെ ആദ്യ വാഹനം 'റെയ്‌സ്മോ' ഇന്ത്യയിലേക്കെത്തുന്നു. ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍പ്രേമികളെ അമ്പരപ്പിച്ച് ടാറ്റ മോട്ടോര്‍സ് അഥവാ ടാറ്റ മൊബിലിറ്റി (ടാമോ) അവതരിപ്പിച്ച ആദ്യ ടൂ-ഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ് റെയ്‍സ്‍മോ. ഭീമന്‍മാരായ സൂപ്പര്‍ കാറുകളെ വെല്ലുന്ന രൂപത്തിനൊപ്പം അത്യാഡംബരവും ചേര്‍ത്ത് അണിയിച്ചൊരുക്കുന്ന റെയ്‌സ്മോ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ടാറ്റയുടെ മോഫ്‌ളെക്‌സ് പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന വാഹനം റെയ്‌സ്മോ, റെയ്‌സ്മോ പ്ലസ് എന്നീ രണ്ട് പതിപ്പുകളിലാണെത്തുന്നത്. മൈക്രോസോഫ്റ്റുമായി ഒന്നിച്ച് പുതിയ കണക്റ്റഡ് ടെക്‌നോളജി വഴിയാണ് ടാറ്റയുടെ സ്‌പോര്‍ട്‌സ് കാര്‍ അരങ്ങേറ്റം. ഇരുവശങ്ങളിലേക്കും ചിറകുവിരിച്ച് തുറക്കാവുന്ന ഡബിള്‍ ഡോറാണ് മുഖ്യ ആകര്‍ഷണം.

പിന്നില്‍ ടെയില്‍ ലാമ്പിന് നടുവിലായാണ് എക്‌സ്‌ഹോസ്റ്റിന്റെ സ്ഥാനം. മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ റെയ്‌സ്‌മോയുടെ അഗ്രസീവ് മുഖഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബട്ടര്‍ഫ്‌ളൈ ഡോറുകള്‍ക്കൊപ്പം കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സുമൊക്കെ റേസ് ട്രാക്ക് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു.  കരുത്തരില്‍ കരുത്തുറ്റ ലുക്കാണ് എക്സ്റ്റീരിയറിന്‍റെ വലിയ പ്രത്യേകത. ഫോര്‍സ് ഗെയിമിംഗ് നിരയില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ കാര്‍ കൂടിയാണ് റെയ്‌സ്‌മോ പ്ലസ്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റെയ്‌സ്‌മോയുടെ പവര്‍ഹൗസ്. പരമാവധി 6500 ആര്‍പിഎമ്മില്‍ 190 പിഎസ് കരുത്തും 2500 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും ഈ എഞ്ചിന്‍. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. വെറും ആറ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റെയ്‌സ്മോയ്ക്ക് സാധിക്കും. 800 കിലോഗ്രാമാണ് റെയ്‌സ്‌മോയുടെ ഭാരം.

ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്‌സ്‌മോയുടെ രൂപകല്‍പന. കറുപ്പും ചുവപ്പും വെള്ളയും ചേര്‍ന്ന നിറത്തിലാണ് ആദ്യ മോഡല്‍ കമ്പനി അവതരിപ്പിച്ചത്.   റെയ്‍സ്‍മോയെ തേടി 2018 ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് എത്തിയിരുന്നു.

Image Courtesy:
MotorBash dot com
First Spot
Autocar India

 

click me!