ഇന്ത്യന്‍ സൈന്യത്തിലേക്ക് ജിപ്‍സിക്ക് പകരം ടാറ്റ സഫാരിയെത്തി

Published : Apr 29, 2017, 02:14 PM ISTUpdated : Oct 05, 2018, 01:38 AM IST
ഇന്ത്യന്‍ സൈന്യത്തിലേക്ക് ജിപ്‍സിക്ക് പകരം ടാറ്റ സഫാരിയെത്തി

Synopsis

ഒരുകാലത്ത് ഇന്ത്യന്‍ കരസേനയുടെ കരുത്തായിരുന്ന മാരുതി ജിപ്‌സിക്കു പകരം ടാറ്റയുടെ സഫാരി സ്‌റ്റോം വരുന്നു. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ ആര്‍മിക്ക് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ്  ഒപ്പിട്ടു. ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈനത്തിനൊപ്പമെത്തുക.

മാരുതി സുസുക്കിയുടെ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെയെല്ലാം സ്ഥാനം വരും വര്‍ഷങ്ങളില്‍ സഫാരി സ്‌റ്റോം പിടിച്ചെടുക്കും. 800 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി, ഉറപ്പേറിയ റൂഫ്, എ.സി സൗകര്യം എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പര്യാപ്തമായിരിക്കണം വാഹനം എന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം.

ബറ്റാലിയന്‍ സൈനിക സംഘങ്ങള്‍ക്കും ഓഫീസര്‍ റാങ്കിലുള്ള സൈനികരുമാണ് നിലവില്‍ ജിപ്‌സി ഉപയോഗിക്കുന്നത്. 970 സിസി എഞ്ചിന്‍ കരുത്തില്‍ 1985ല്‍ നിരത്തിലെത്തിയ ജിപ്‌സി ഇന്ത്യന്‍ ആര്‍മിയുടെ രാജാവ് എന്ന പദവിയോടെയാണ് ടാറ്റ സഫാരിക്ക് വഴിമാറി കൊടുക്കുന്നത്. പെട്രോള്‍ എഞ്ചിനിലാണ് ജിപ്‌സി ഓടിയിരുന്നതെങ്കില്‍ കൂടുതല്‍ ഇന്ധനക്ഷമത ലക്ഷ്യമിട്ട് സഫാരി എത്തുന്നത് ഡീസല്‍ പതിപ്പിലാണ്. ആര്‍മിയുടെ ഭാഗമായുള്ള ജിപ്‌സികള്‍ ഘട്ടംഘട്ടമായാണ് വിടപറയുക.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ കൂടുതല്‍ ഇന്ധനക്ഷമതയ്‌ക്കൊപ്പം മികച്ച സുരക്ഷാ സൗകര്യങ്ങളും കണക്കിലെടുത്താണ് ടാറ്റ സഫാരിയെ ആര്‍മി ഒപ്പം കൂട്ടുന്നത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 154 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് സ്‌റ്റോമിന്. ഫോര്‍ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവല്‍  ട്രാന്‍സ്മിഷന്‍. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഓഫ് റോഡില്‍ വാഹനത്തെ കരുത്തനാക്കുന്നു.

പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്. പരീക്ഷയില്‍ മഹീന്ദ്രയുടെ കരുത്തന്‍ എസ്.യു.വി സ്‌കോര്‍പിയോ സഫാരിയുമായി ഒപ്പത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുത്തെങ്കിലും സാമ്പത്തിക ഇടപാടില്‍ മഹീന്ദ്രയെക്കാള്‍ ലാഭകരമാണ് ടാറ്റ വാഹനങ്ങള്‍ എന്നത് സഫാരിക്ക് തുണയായി.

പച്ച നിറത്തിന് പുറമേ നോര്‍മല്‍ സഫാരി സ്‌റ്റോമില്‍ നിന്ന് നിരവധി മോഡിഫിക്കേഷന്‍സ് ആര്‍മി മോഡലിനുണ്ടാകും. 1958 മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ ടാറ്റ ഏകദേശം 1.5 ലക്ഷം വാഹനങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഇതുവരെ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1300 കോടി രൂപയ്ക്ക് ആര്‍മിയുടെ 6X6 ഹൈമൊബിലിറ്റി ട്രക്ക് നിര്‍മാണത്തിനുള്ള കരാറും ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരുന്നു.

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!