Latest Videos

ഡാന്‍സ് കളിച്ച് സിഗ്നല്‍ നല്‍കുന്ന ട്രാഫിക് പൊലീസുകാരന്‍;വീഡിയോ

By Web DeskFirst Published Dec 31, 2017, 9:03 AM IST
Highlights

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഈ ട്രാഫിക് സിഗ്നലിലൂടെ ഒരിക്കലെങ്കിലും കടന്നുപോകുന്ന ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും ഈ ട്രാഫിക് പൊലീസുകാരനെയും അദ്ദേഹം നല്‍കിയ സിഗ്നലുകളെയും ഒരിക്കലും മറക്കാന്‍ കഴിഞ്ഞെന്നു വരില്ല. മൈക്കല്‍ ജാക്സന്‍റെ വിഖ്യാതമായ മൂണ്‍ വോക്കിംഗിനെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ നൃത്തച്ചുവടുകളിലൂടെയുള്ള സിഗ്നലുകള്‍ കാണുമ്പോള്‍ ഒരുപക്ഷേ കുറേ നേരം കൂടി കുരുക്കില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകും.

രഞ്ജിത്ത് സിംഗെന്നാണ് ഈ ട്രാഫിക് പൊലീസുകാരന്‍റെ പേര്. കഴിഞ്ഞ 12 വര്‍ഷത്തോളമായി നൃത്തച്ചുവടുകള്‍ വച്ച് സിഗ്നല്‍ നല്‍കുന്ന ഈ മുപ്പത്തെട്ടുകാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. കഴിഞ്ഞ ദിവസം ചില ദേശീയമാധ്യമങ്ങളില്‍ ഇദ്ദേഹത്തെപ്പറ്റി വാര്‍ത്തകള്‍ വന്നതോടെ രാജ്യത്തിന്‍റെ പൊതു ശ്രദ്ധയിലേക്കും ഇദ്ദേഹത്തിന്‍റെ ട്രാഫിക്ക് നൃത്തം ഉയര്‍ന്നു.

മൈക്കല്‍ ജാക്സന്‍റെ കട്ട ഫാനാണ് താനെന്നും കഴിഞ്ഞ 12 വര്‍ഷമായി മൂണ്‍വാക്കിനെ അനുകരിച്ചാണ് ജോലി ചെയ്യുന്നതെന്നും രഞ്ജിത്ത് സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഫ്‍‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദബഹളങ്ങളും മാലിന്യങ്ങളും നിറഞ്ഞ നിരത്തുകളിലെ ക്ഷീണിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും രസിപ്പിക്കുന്നതിനാണ് താന്‍ മൂണ്‍വാക്ക് ഉപയോഗിച്ച് ജോലി ചെയ്യുന്നതെന്നാണ് സിംഗ് പറയുന്നത്. 

ഇന്‍ഡോറിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിലും റോഡ് സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിലും രഞ്ജിത് സിംഗിന് നിര്‍ണായക പങ്കുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് ഇന്‍ഡോറിലെ ഒരു സര്‍വകലാശാല നടത്തിയ പഠനം.

ആദ്യമൊക്കെ ട്രാഫിക് പൊലീസ് വിഭാഗം സിംഗിന്റെ മൂണ്‍വാക്കിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അധികൃതര്‍.

എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ് സിംഗ്. 50,000 ഓളം പേര്‍ ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ സിംഗിന് രാജ്യത്തെ യുവാക്കളോട് പറയാനുള്ളത് വീണ്ടു വിചാരത്തോടെ വണ്ടി ഓടിക്കണമെന്നാണ്. 

 

 

click me!