പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കുടുങ്ങും; 5000 വാഹനങ്ങളുടെ പട്ടിക തയ്യാര്‍

By Web DeskFirst Published Dec 29, 2017, 5:12 PM IST
Highlights

തിരുവനന്തപുരം: വ്യാജ രജിസ്‌ട്രേഷന്‍ നടത്തി കേരളത്തില്‍ ഓടുന്ന കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയതായി ധമന്ത്രി ടി എം തോമസ് ഐസക്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന 5000 കാറുകളുടെ പട്ടികയാണ് ഇതിനോടകം തയ്യാറാക്കിയിരിക്കുന്നത്. പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍  സംബന്ധിച്ച് രണ്ട് കേസുകള്‍ പുറത്തെത്തിയപ്പോള്‍ തന്നെ പല പ്രമുഖരും നികുതി അടയ്ക്കാന്‍ തുടങ്ങിയെന്നും തോമസ് ഐസക് പറഞ്ഞു. 

സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും നികുതി വരുമാനം കുത്തനെ താഴേക്ക് പോയിരിക്കുകയാണ്. എന്നാല്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ് പുറത്തുവന്നതോടെ മോട്ടോര്‍ വാഹന നികുതി മാത്രം 22 ശതമാനം കൂടി. നിയമ ലംഘനമാണെന്ന് അറിയാതെയാണ് പലരും പോണ്ടിച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളെ വാഹന രജിസ്‌ട്രേഷനായി  ആശ്രയിക്കുന്നത്. നികുതി വെട്ടിക്കാനുള്ള മനപ്പൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ലക്ഷങ്ങള്‍ ലാഭമുണ്ടാകുമെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത്തരം വഴികള്‍ സ്വീകരിക്കുന്നത് വ്യാജ രജിസ്‌ട്രേഷന്‍ കൂടാന്‍ കാരണമായെന്നും തോമസ് ഐസക് പറഞ്ഞു. നടന്‍ ഫഹദ് ഫാസില്‍, രാജ്യസഭാംഗം സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ വ്യാജ വാഹന രജിസ്‌ട്രേഷന്‍ തടത്തിയതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് നടപടി സ്വീകരിച്ച് വരികയാണ്. 

തല്‍ക്കാലിക രജിസ്‌ട്രേഷനുകള്‍ റദ്ദാക്കിയത് നൂറിലേറെ പേര്‍

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്തവര്‍ കഴിഞ്ഞദിവസങ്ങളില്‍ കൂട്ടത്തോടെയെത്തി അത് റദ്ദാക്കുകയാണെന്നും പലരും കേരളത്തില്‍ തന്നെ രജിസ്‌ട്രേഷന് തയ്യാറാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോട്ടോര്‍വാഹനവകുപ്പ് കര്‍ശനനടപടിയുമായി രംഗത്തിറങ്ങിയതിനൊപ്പം വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നേരിടേണ്ടിവരുന്നതിനാലാണിത്. 

വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും. ഇങ്ങനെ താത്കാലിക രജിസ്ട്രേഷന്‍ എടുത്തവര്‍ അത് റദ്ദാക്കിക്കിട്ടാനാണ് മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുന്നത്. ഇത്തരം നൂറിലധികം അപേക്ഷകള്‍ പ്രധാന നഗരങ്ങളില്‍ നിന്നുമാത്രമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍വാഹനവകുപ്പ് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച 12/2016 സര്‍ക്കുലറിന്റെ ചുവടുപിടിച്ചാണ് താത്കാലിക രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുന്നത്. ഗുരുതരമായതോ സാങ്കേതികമായി തെറ്റുള്ളതോ ആയ വിവരങ്ങള്‍ താത്കാലിക രജിസ്ട്രഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്താമെന്നാണ് ഈ സര്‍ക്കുലറിലുള്ളത്. വാഹനഡീലറാണ് അപേക്ഷിക്കേണ്ടത്. ഡീലറുടെ പ്രതിനിധി, ഉടമ, വായ്പ നല്‍കിയവര്‍ എന്നിവരുമായി ജോ. ആര്‍.ടി.ഒ. നേരില്‍ സംസാരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തുകയും വേണം. ഇതിന്റെ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. തുടര്‍ന്ന് കമ്മിഷണറാണ് തീരുമാനമെടുക്കേണ്ടത്. ഇത്രയും കടമ്പകടന്നാല്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി എടുത്ത താത്കാലിക രജിസ്ട്രഷന്‍ റദ്ദാക്കാം. തുടര്‍ന്ന് കേരളത്തില്‍ രജിസ്ട്രേഷനുള്ള നടപടികള്‍ സ്വീകരിക്കും.

വ്യാജ രജിസ്‌ട്രേഷന് പോണ്ടിച്ചേരി തെരഞ്ഞെടുക്കുന്നത് 

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.

ഇന്ത്യയില്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം, സ്ഥിര താമസക്കാരാകണമെന്ന് മാത്രം

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍ എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

click me!