ടോപ് ഗിയറില്‍ വാഹനവിപണി

By Web DeskFirst Published Dec 31, 2016, 9:25 AM IST
Highlights

മാരുതിയാണ് താരം
ഈ വര്‍ഷവും കാർ വിപണിയിലെ താരം  ഇന്ത്യയുടെ സ്വന്തം​ മാരുതി തന്നെ. നിലവിലുണ്ടായിരുന്ന മോഡലുകളും പുതിയ മോഡലുകളുമായി മാരുതി നിരത്തും വിപണിയും അടക്കിവാണു. ഒന്നുമുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളും പലപ്പോഴും മാരുതിക്കു മാത്രമായിരുന്നു.

കോംപാക്ട് എസ് യു വി വിഭാഗത്തില്‍ പുറത്തിറക്കിയ വിറ്റാര ബ്രസയായിരുന്നു 2016ല്‍ മാരുതിയുടെ താരം.  മാര്‍ച്ചിലാണ് വിറ്റാര ബ്രേസ വിപണിയിലെത്തുന്നത്. ഇതുവരെ 83,000യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയില്‍ നാഴികകല്ലായി മാറിയിരിക്കുകയാണ് വാഹനം.  ഒപ്പം 1.72 ലക്ഷം ബുക്കിംഗുകളും ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും വിറ്റാര നേടി.

വിറ്റാരെയ്ക്കൊപ്പം നിലവിലെ മോഡലുകളായ അള്‍ട്ടോ, ബ​ലാനോ, സ്വിഫ്​റ്റ്​, സെലീറി​യോ തുടങ്ങിയ മാരുതി വാഹനങ്ങളും നിരത്തിലും വിപണിയിലും ഓടിനടന്നു.

ടിയാഗോയുമായി ടാറ്റ
മറ്റൊരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്  ടിയാഗോയിലൂടെ വിപണിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ചയ്ക്കും 2016 സാക്ഷിയായി. പല ​മാസങ്ങളിലും വിൽപനയിലെ ആദ്യ പത്തിൽ ഇടംപിടിക്കാൻ ടിയാഗോക്ക്​ കഴിഞ്ഞു.   ഒരുകാലത്ത് വിപണിയിലെ മൂന്നാമനായിരുന്ന ടാറ്റ അടുത്തകാലത്ത് വിൽപ്പനയിൽ ഏറെ പിന്നോട്ടു പോയിരുന്നു. ടിയാഗോയുടെ കരുത്തില്‍ ടാറ്റ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയെ പിന്തള്ളി ഇന്ത്യന്‍ വിപണിയില്‍ നാലാം സ്ഥാനം നേടി. 2012-2015 ലെ വാഹനവിപണിയിലെ മാന്ദ്യത്തിൽ നിന്ന് കരകേറാനാകാതെ നിന്ന ടാറ്റയ്ക്ക് പുതു ജീവനാണ് ടിയാഗോ നൽകിയത്.

ലോകവിപണിയിലേക്ക് മഹീന്ദ്ര
ഇന്ത്യന്‍ വാഹന രാജാക്കന്മാരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ആഗോളഭീമന്മാരായ രണ്ട് കമ്പനികളെ സ്വന്തമാക്കി ലോകത്തിന്‍റെ നെറുകിലേക്ക് നടന്നു കയറിയ വര്‍ഷമായിരുന്നു 2016. ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎസ്എയെയും ചെക്കോസ്‍ളോവാക്യക്കാരനായ ജാവയെയുമാണ് മഹീന്ദ്ര സ്വന്തമാക്കിയത്.  

ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വേരുകളുള്ള ബിഎസ്എയെ മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനി സ്വന്തമാക്കിയത്.

ജാവയെ മഹീന്ദ്ര സ്വന്തമാക്കിയതും ഇതേ ക്ലാസ്സിക്ക് ലെജന്‍റിന്‍റെ പേരിലാണ്. ഈ രണ്ട് ഏറ്റെടുക്കലിലൂടെ മഹീന്ദ്ര അന്താരാഷ്ട്ര വാഹന ലോകത്ത് കരുത്തന്മാരായിത്തീര്‍ന്നു.

കൂടാതെ പുതിയ ബൊലേറോ പവര്‍ പ്ലസ്, പുതിയ തലമുറ ഇലക്ട്രിക്ക് കാര്‍ എന്നിവയും മഹീന്ദ്രയുടേതായി പുറത്തിറങ്ങി. നിലവില്‍ വിപണിയിലുള്ള ബൊലേറോയെക്കാള്‍ പതിമൂന്ന് ശതമാനം കൂടുതല്‍ കരുത്തും അഞ്ച് ശതമാനം അധികം മൈലേജും വാഗ്ദാനം ചെയ്യുന്നതാണ് ബൊലേറോ പവര്‍ പ്ലസ്.

ടൊയോട്ടയുടെ ഇന്നോവ ക്രിസ്​റ്റ
ഇന്നോവ ക്രിസ്​റ്റയുമായി ടൊയോട്ട എത്തിയതാണ്​ 2016ലെ വർഷത്തെ പ്രധാനപ്പെട്ട മറ്റൊരു സംഭവം. ഡിസൈനിൽ പ്രധാന മാറ്റങ്ങളുമായാണ്​ ക്രിസ്​റ്റയെ ഇന്നോവ കഴിഞ്ഞ കൊല്ലം വിപണിയിലിറക്കിയത്​.

 

ഹിമാലയനും ഡോമിനറും
ബുള്ളറ്റ് രാജാക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചർ ബൈക്ക് ശ്രേണിയില്‍ 2016 പുറത്തിറക്കിയ ഹിമാലയൻ ഇന്ന് ഓഫ് റോഡിലെ താരരാജാവാണ്.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 ഉം ചരിത്രമായി. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണയിലെ ചക്കനിലെ പ്ലാന്‍റില്‍ നിന്നും ഡിസംബര്‍ 15ന് പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത്.

ജിപ്​സി ഓർമയാവുന്നു; ജിംനി വരുന്നു
മാരുതിയുടെ ജിപ്​സി ഓര്‍മ്മയാവുന്നുവെന്നത് വാഹനപ്രേമികള്‍ക്ക് വേദനയാവുന്നു.  ഇതോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ഇന്ത്യന്‍ സൈന്യം കൂടി കൈ​യൊഴിയുന്നതോടെ മാരുതി ഇനി ജിപ്​സി നിർമ്മിക്കുമോയെന്ന് വാഹന പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. 

ജിപ്സിക്കു പകരക്കാരന്‍ ജിംനി ജപ്പാനില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുവെന്നതാണ് അല്‍പ്പം സന്തോഷം പകരുന്ന വാര്‍ത്ത.

ഒന്നാമതെത്തിയ സ്​പ്ലെൻഡർ
കാലങ്ങളായി കൈവശം വെച്ചിരുന്ന ഇരുചക്രവാഹന വിപണിയിലെ ഒന്നാംസ്​ഥാനം ആക്​ടീവക്ക്​ നഷ്​ടമായതും പകരം സ്​​​പ്ലെൻഡർ ഒന്നാംസ്ഥാനം നേടിയതും ഈ വര്‍ഷമാണ്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സ്കൂട്ടര്‍ വിപണിയെ ബാധിച്ചതാണ് കാരണം.

ലോകത്തിലെ ഏറ്റവും നീളമേറിയ ബസ്
മുന്നൂറുപേര്‍ക്കു കയറാവുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ ബസ് ഷാസിയുമായി സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ അരങ്ങിലെത്തി. ട്രെയ്‌ലര്‍ മാതൃകയിലുള്ള ബസിന്‍റെ പേര്‘വോള്‍വോ ഗ്രാന്‍ ആര്‍ടിക് 300 എന്നാണ്.

കാറിനെക്കാള്‍ വിലയുള്ള സ്കൂട്ടര്‍
12 ലക്ഷം രൂപയുടെ വിലയുള്ള 946 എംബേറിയോ അര്‍മാനി എന്ന സ്‌കൂട്ടറുമായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ വെസ്പ അരങ്ങിലെത്തിയതും പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. 125 സിസി എഞ്ചിനില്‍ കരുത്ത് 11.84 ബിഎച്ച്പി കരുത്താണ് അര്‍മാനിക്ക്.

ഓട്ടോ എക്​സ്​പോ 2016
രണ്ട്​ വർഷത്തിലൊരിക്കൽ നടക്കുന്ന, എഷ്യയിലെ തന്നെ പ്രമുഖമായ ഓട്ടോ എക്​​സ്​പോകളിൽ ഒന്നായ ഡൽഹി ഓട്ടോ എക്​സ്​പോ കഴിഞ്ഞ വർഷം നടന്നു. പ്രഗതി മൈദാനിയിൽ നിരവധി വാഹനനിര്‍മ്മാതാക്കള്‍ അണിനിരന്നു.

തിരിച്ചു വരുന്ന രാജാക്കന്മാര്‍
ഒരു കാലത്ത്​ വിപണിയും നിരത്തും അടക്കിവാണിരുന്ന മോഡലുകളുടെ തിരിച്ചുവരവ്​ സംബന്ധിച്ച വാർത്തകളും 2016നെ സജീവമാക്കി. ജാവ യെസ്‍ഡി, ബജാജ് ചേതക്, ഹ്യൂണ്ടായി സാൻട്രോ തുടങ്ങിയ വിപണിയിലും നിരത്തിലും ​ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ വാഹനപ്രേമികള്‍ കൗതുകത്തോടെ കേട്ടു.

ഡീസൽ എഞ്ചിൻ നിരോധനം
അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്നു എന്ന്​ ചൂണ്ടിക്കാട്ടി രണ്ട്​ ലിറ്ററിൽ അധികം ശേഷിയുള്ള ഡീസൽ എഞ്ചിനുകൾക്ക്​ ഡൽഹിയിൽ ഹരിത ട്രിബ്യൂണൽ നിരോധമേർപ്പെടുത്തി.  പിന്നീട്​ മലിനീകരണം കുറക്കുന്നതിനായി ഡൽഹി സർക്കാർ ഒറ്റ അക്ക, ഇരട്ട അക്ക നമ്പറുകൾക്ക്​ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച്​ വാഹന നിർമാണ കമ്പനികൾക്ക്​ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വിധിയുണ്ടായതോടെയാണ്​ പ്രശ്​നങ്ങൾക്ക്​ താൽകാലിക പരിഹാരമുണ്ടായത്​.

ഓഫറുകളുടെ പൂക്കാലം
കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് വാഹന വിപണിയില്‍ ഡിസ്‌കൗണ്ടുകളുടെ പെരുമഴയായിരുന്നു അവസാനമാസങ്ങളില്‍.  100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സ് നല്‍കിയും പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ തേടിയെത്തി.

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ അള്‍ട്ടോ 800, അള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ക്ക് 50,000-60,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചു. ടൊയോട്ട 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സിംഗുമായി മുന്നോട്ടു വന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.5 ലക്ഷം രൂപയുടെ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചത്. റെനോ, ഫോക്‌സ്‌വാഗണ്‍, ഹ്യൂണ്ടായ്, ഹോണ്ട തുടങ്ങിയ നിര്‍മ്മാതാക്കളും ഓഫറുകള്‍ നല്‍കി പിടിച്ചു നിന്നു.

വിലകൂടുന്ന പുതുവര്‍ഷം
പുതുവര്‍ഷത്തില്‍ എല്ലാ പ്രമുഖ വാഹനനിര്‍മ്മാതാക്കളും വിലവര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.  വിലവര്‍ദ്ധന ആദ്യം പ്രഖ്യാപിച്ചത് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനാണ്.  പിന്നാലെ ടാറ്റയും റെനോയും മെഴ്‍സിഡസും ബജാജും ഹ്യൂണ്ടായിയും നിസാനുമൊക്കെ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ഉല്‍പ്പാദനചിലവിലെ വര്‍ധന, വിദേശനാണ്യ വിനിമയ നിരക്കിലെ ചാഞ്ചാട്ടം, വിപണന ചിലവിലെ വര്‍ധന തുടങ്ങിയവയാണു വാഹന വിലകൂട്ടുന്നതിന് ഇവരൊക്കെ നിരത്തുന്ന കാരണങ്ങള്‍.

 

click me!