എസ്റ്റേറ്റ് തരംഗവുമായി വോള്‍വോ വി 90 ക്രോസ് കൺട്രി

By ബൈജു എന്‍ നായര്‍First Published Aug 20, 2017, 12:34 PM IST
Highlights

എസ്റ്റേറ്റ് വാഗൺ, സ്റ്റേഷൻ വാഗൺ എന്നൊക്കെ കേൾക്കുമ്പോൾ അന്തംവിട്ടു പരസ്പരം നോക്കുന്ന ന്യൂജെൻ കുട്ടികളെ, നിങ്ങളോർക്കു നിങ്ങളെങ്ങനെ നിങ്ങളായെന്ന്! നിങ്ങൾ ഇപ്പോൾ ഓടിച്ചു രസിക്കുന്ന ബെൻസിനും ഓഡിയ്ക്കും മുമ്പേ വാഹന ദാരിദ്ര്യമുള്ള ഒരു കാലമുണ്ടായിരുന്നു ഇവിടെ. വല്ലപ്പോഴും കടന്നു പോകുന്ന അംബാസഡറും പത്മിനിയും ഇറക്കുമതി ചെയ്ത ഏതാനും കാറുകളും മാത്രമുണ്ടായിരുന്ന കാലം.

അന്നുമുണ്ടായിരുന്നു സ്റ്റേഷൻ വാഗൺ. അംബാസഡറാണ് അന്ന് വലിച്ചുനീട്ടി സ്റ്റേഷൻ വാഗണാക്കിയത്.

പിന്നീട് പല കാറുകളുടെയും എസ്റ്റേറ്റ് മോഡൽ വന്നു. മാരുതി ബെലേനോ, ഓപ്പൽ കോർസ, സ്‌കോഡ ഒക്‌ടേവിയ തുടങ്ങിയവയുടെ എസ്റ്റേറ്റ് മോഡലുകൾ ഓർക്കുക. ഇതിനിടെ ടാറ്റ, എസ്റ്റേറ്റ് എന്ന പേരിൽത്തന്നെ ഒരു സ്‌റ്റേഷൻ വാഗൺ കൊണ്ടുവന്നു.അത് വിജയവുമായി. പിന്നെ, വല്ലപ്പോഴും ഒരു സ്റ്റേഷൻ വാഗൺ വന്നാലായി എന്നതായി സ്ഥിതി. ഒടുവിൽ എത്തിയത് ഫിയറ്റ് അവഞ്ചൂറയാണ്.  ഇപ്പോഴിതാ, സ്വീഡിഷ് കമ്പനിയായ വോൾവോ എസ്റ്റേറ്റ് തരംഗത്തിന് വീണ്ടും തിരി കൊളുത്തുന്നു.

ബെൻസ് ഇ ക്ലാസ്, ബിഎംഡബ്ല്യു 5 സീരിസ് എന്നിവയെപ്പോലും വിറപ്പിക്കാൻ തക്കവണ്ണമുള്ള കോപ്പുകൾ വി 90 ക്രോസ് കൺട്രി എന്ന ഈ സ്റ്റേഷൻ വാഗണുണ്ട്.


വി 90 ക്രോസ് കൺട്രി
വി 90 എന്ന സെഡാൻ ഇന്ത്യയിലില്ല. ഇന്ത്യയിൽ കൊണ്ടുവരാൻ  ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഒരു പുതുപുത്തൻ മോഡലാണ് ഇന്ത്യക്കാർക്ക് വി 90 ക്രോസ്‌കൺട്രി. സെഡാന്റെ ഫീച്ചേഴ്‌സും എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസും ഓൾവീൽ ഡ്രൈവറുമൊക്കെ വി 90 ക്രോസ് കൺട്രിക്കുണ്ട്.

കാഴ്ച
ഇന്ത്യയിൽ അല്പകാലം മുമ്പ് വിൽപ്പനയ്‌ക്കെത്തിയ എസ് 90 എന്ന സെഡാന്റെ രൂപമാണ് വി 90 ക്രോസ് കൺട്രിയുടെ മുൻഭാഗത്തിന്. ഗ്രിൽ ഉൾപ്പെടുന്ന മുൻഭാഗം മുതൽ പിന്നിലെ ഡോറുകൾ വരെ ഏതാണ്ട് എസ് 90യുടെ ഡിസൈൻ തന്നെയാണ് വി 90 യും പിന്തുടരുന്നത്. 23 ഹോറിസോണ്ടൽ സ്ലോട്ടുകളുള്ള ഗ്രില്ലും 'തോഴ്‌സ് ഹാമർ' എന്ന് വോൾവോ വിളിക്കുന്ന തകർപ്പൻ അഡപ്ടീവ് ഹെഡ്‌ലാമ്പും എസ് 90യുടേതു തന്നെ. ബമ്പറിനു താഴെ അലൂമിനിയം നിറമുള്ള സ്‌കഫ് പ്ലേറ്റുണ്ട്. ബമ്പറിന്റെ കയറ്റിറക്കങ്ങളും അതിന്മേൽ മൂന്നു സ്ലോട്ടുകളായി കാണുന്ന ഫോഗ്‌ലാമ്പും മനോഹരമായിട്ടുണ്ട് നീണ്ട ബോണറ്റിൽ പവർ ബൾജുകളുമുണ്ട്.

മുൻഭാഗം മാത്രം കണ്ട് എസ് 90 യാണെന്നു തെറ്റിദ്ധരിച്ച് വശങ്ങളിലേക്ക് എത്തുന്നവർ എസ്റ്റേറ്റ് വാഗൺന്റെ രൂപം കണ്ട് അന്തംവിടുമെന്നുറപ്പാണ്. പിൻഭാഗത്തേക്ക് എത്തുംമുമ്പ് വലിയ വീൽആർച്ചുണ്ട്. അതിന്മേൽ അഞ്ച് ട്വിൻ സ്‌പോക്കുകളുള്ള അലോയ്‌വീൽ. മുൻഭാഗത്തു നിന്നു തുടങ്ങുന്ന കറുത്ത ക്ലാഡിങ് വീൽ ആർച്ചിലൂടെ കയറിയിറങ്ങി പിന്നിലേക്ക് നീളുന്നുണ്ട്.
തുടക്കത്തിൽ 20 ഇഞ്ച് ടയറുകളാണ് വി 90യ്ക്കുള്ളത്. പിന്നീട് 19 ഇഞ്ച് ആയി കുറയ്ക്കാൻ സാദ്ധ്യതകളുണ്ട്.

'ബി' പില്ലർ കഴിയുമ്പോൾ വി 90യുടെ രൂപം പാടേ മാറുന്നു. വലിയ ക്വാർട്ടർ ഗ്ലാസാണ് ഇതൊരു സ്റ്റേഷൻ വാഗൺ ആണെന്നു സൂചന നൽകുന്നത്. ഇവിടെയെത്തുമ്പോൾ റൂഫ് ലൈൻ ചെരിഞ്ഞിറങ്ങാതെ വീണ്ടും ബൂട്ട്‌ലിഡിലേക്ക് നീളുന്നു.

പരമ്പരാഗതമായി കണ്ടുവരുന്ന ബോക്‌സി രൂപമുള്ള എസ്റ്റേറ്റ് വാഗണുകളിൽ നിന്നു വ്യത്യസ്തമായി പിൻഭാഗം സുന്ദരമാക്കിയിട്ടുണ്ട്.

സാമാന്യം വലിയ സ്‌പോയ്‌ലറും വലിയ ഗ്ലാസ് ഏരിയായും പിന്നിലുണ്ട്. വോൾവോയുടെ സിഗ്‌നേച്ചർ ടെയ്ൽലാമ്പിന്റെ ഡിസൈനനുസരിച്ചാണ് പിൻഭാഗത്തിന്റെ രൂപകല്പന എന്നു പറയാം. ബൂട്ട്‌ലിഡിലേക്ക് ടെയ്ൽ ലാമ്പിന്റെ ഒരു കഷണം കയറി നിൽക്കുന്നതു കാണാൻ രസമുണ്ട്. പിൻഭാഗത്തെ ക്ലാഡിങ്ങിൽ ക്രോസ് കൺട്രി എന്നു കൊത്തിയിട്ടുണ്ട്. വീതിയുള്ള ക്ലാഡിങ്ങിനു താഴെ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ കൊടുത്തിരിക്കുന്നത് അലൂമിനിയം സ്‌കഫ് പ്ലേറ്റിന്റെ ഇരുവശത്തുമായാണ്.

ഉള്ളിൽ
എലഗന്റ് എന്ന വാക്കാണ് ഉൾഭാഗത്തിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ടത്. കാഴ്ചയിൽ എസ് 90 യുടെയും എക്‌സ് സി 90 യുടെയും ഉൾഭാഗത്തുമായി സാമ്യമുണ്ട്. അതിനു പ്രധാന കാരണം വലിയ ടച്ച് സ്‌ക്രീനാണ്. വീതി കൂടിയ ഈ സ്‌ക്രീനിനെ ഉൾക്കൊള്ളാനായി ഡാഷ് ബോർഡിന്റെയും വീതി കൂട്ടി. ഡാഷ്‌ബോർഡിനു മേലെ ഒരു ഉരുണ്ട ട്വീറ്റർ തല നീട്ടി നിൽക്കുന്നു.

സ്വിച്ചുകൾ വളരെ കുറവാണ് വി 90യുടെ ഉള്ളിൽ. എല്ലാം നിയന്ത്രിക്കുന്നത് ടച്ച്‌സ്‌ക്രീനാണ്. മുൻ സീറ്റുകൾ വോൾവോയുടെ തനത് ശൈലിയിൽ, അങ്ങേയറ്റം ഗംഭീരമായാണ് നിർമ്മിച്ചിരിക്കുന്നത്. മുൻസീറ്റുകൾക്ക് മസാജ് ഫങ്ഷനാണ്. ഇതിന്റെ വേഗതയും മോഡുകളും ടച്ച് സ്‌ക്രീനിലൂടെ നിയന്ത്രിക്കാം. ലംബാർ  സപ്പോർട്ട് കൂട്ടാനും സീറ്റുകളും സ്റ്റിയറിങ് വീലും തണുപ്പിക്കാനും ചൂടാക്കാനുമൊക്കെ സംവിധാനമുണ്ട്.

19 സ്പീക്കറുള്ള 1400 വാട്ട് ബോവേഴ്‌സ് ആന്റ് വിൽകിൻസ് മ്യൂസിക് സിസ്റ്റമാണ് വി 90യിലെ താരം. ഇത് എക്‌സി 90 യിൽ കണ്ടതു തന്നെ.
വാഹനത്തിന്റെ വേഗതയും ലെയ്ൻ ഡിപ്പാർച്ചർ വാണിങ്ങുമൊക്കെ വ്യക്തമാക്കുന്ന ഹെഡ് അപ്പ് ഡിസ്‌പ്ലേ മുന്നിലെ വിൻഡ് സ്‌ക്രീനിലുണ്ട്. ഇത് ഡ്രൈവർക്കു മാത്രം കാണാവുന്ന വെൽച്വൽ ഡിസ്‌പ്ലേയാണ്. പാഡ്ൽ ഷിഫ്‌റ്റേഴ്‌സ് വി 90 യിലെ ഒരു പുതുമുഖമാണ് പനോരമിക് സൺറൂഫ്, ഫോർസോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഒറിജിനൽ ലെതർ സീറ്റുകളും എടുത്തുപറയാം. പിൻസീറ്റുകളിലും ധാരാളം ലെഗ്-ഹെഡ് സ്‌പേസുണ്ട്. പിന്നിലേക്ക് എ സി വെന്റുകൾ, വലിയ ആംറെസ്റ്റ് എന്നിവയുമുണ്ട്. 560 ലിറ്ററാണ് വി 90യുടെ ബൂട്ട് സ്‌പേസ്. പിൻസീറ്റ് മടക്കിയാൽ ഇത് 1260 ലിറ്ററായി ഉയരും.

എഞ്ചിൻ
210  മി.മീ ഗ്രൗണ്ട് ക്ലിയറൻസുള്ള വി 90 ക്രോസ് കൺട്രി അക്കാര്യത്തിൽ എല്ലാ സെഡാനുകളെയും തോല്പിച്ച് എസ്‌യുവിയായി മാറും. ഓൾ വീൽ ഡ്രൈവ് സിസ്റ്റമുള്ളതുകൊണ്ട് എവിടെയും പിടിച്ചു കയറുകയും ചെയ്യും. എക്‌സ് സി 90യിലെ ഡി 5 ഡീസൽ എഞ്ചിനാണ് വി 90യിൽ ഈ 2 ലിറ്റർ എഞ്ചിൻ 235 ബിഎച്ച്പിയാണ്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഡീസൽ എഞ്ചിനുകളി ലൊന്നാണെന്നു പറയാം. 480 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. പവർ പൾസ് എന്ന ടെക്‌നോളജിയുള്ളതുകൊണ്ട് ലാഗ് തീരെയില്ല. എയർഇൻടേക്കിൽ നിന്ന് എയർ ശേഖരിച്ച് ഒരു ടാങ്കിൽ സൂക്ഷിച്ച്, എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ടർബോയിലേക്ക് ശക്തിയിൽ കടത്തിവിടുന്ന സംവിധാനമാണിത്. അതുകൊണ്ട് 500 ആർപിഎമ്മിലേ ടർബോ പ്രവർത്തനം തുടങ്ങുന്നു, ലാഗ് ഇല്ലാതാവുന്നു.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സും ഒന്നാന്തരം. ഇക്കോ, കംഫർട്ട്, ഡൈനാമിക്, ഓഫ്‌റോഡ് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്. ഓഫ്‌റോഡ് മോഡിൽ വാഹനത്തിന്റെ ഉയരം 5 സെ.മീ വർദ്ധിക്കുന്നു പോലുമുണ്ട്. എയർ സസ്‌പെൻഷന്റെ കംഫർട്ട്കൂടി ആസ്വദിച്ച്, ലാഗൊന്നുമില്ലാതെ വി 90 ക്രോസ് കൺട്രി ഡ്രൈവ് ചെയ്തു രസിച്ചത് മംഗലാപുരം-കുടക് റോഡിലാണ്. സ്റ്റെബിലിറ്റിയും ത്രോട്ട്ൽ റെസ്‌പോൺസും ഒന്നാന്തരമെന്നു പറയാതെ വയ്യ. 'ബി'പില്ലറിനു ശേഷം നീളം കൂട്ടി സൃഷ്ടിച്ചെടുത്ത വെറുമൊരു സ്റ്റേഷൻ വാഗണല്ല, വി 90 ക്രോസ് കൺട്രി.

ഒരു തികഞ്ഞ എസ്റ്റേറ്റ് കാറാണിത്. ഓൺ റോഡ് - ഓഫ് റോഡ് യാത്രകളിലെല്ലാം ഇവൻ തുണയാകും.

 

ഈ പംക്തിയിലെ മറ്റ് വാഹന വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

തീയ്യില്‍ കുരുത്ത നെക്സോണ്‍

click me!