വയനാട് ചുരത്തിൽ വാഹന പാര്‍ക്കിംഗ് നിരോധനം പ്രാബല്യത്തില്‍

By Web DeskFirst Published Nov 2, 2017, 10:28 AM IST
Highlights

വയനാട് - താമരശ്ശേരി ചുരത്തിൽ   വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരോധനം നിലവില്‍ വന്നു. ചുരം പാതയിൽ ഗതാഗത തടസ്സം പതിവാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു പാർക്കിംഗ് നിരോധനം തീരുമാനിച്ചത്. പ്രകൃതി ഭംഗി ആസ്വദിക്കാൻ വ്യൂ പോയിന്‍റ് അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതും ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ലെന്നായിരുന്നു കോഴിക്കോട് വയനാട് ജില്ലാ കലക്ടർമാർ പങ്കെടുത്ത യോഗ തീരുമാനം.

വയനാടിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് വാഹന പാര്‍ക്കിംഗിന് നിരോധനമേര്‍പ്പെടുത്തിയത്. അടിക്കടിയുണ്ടാകുന്ന ഗതാഗത തടസവും മാലിന്യ പ്രശ്‌നവും കണക്കിലെടുത്താണ് നവംബര്‍ 1 മുതല്‍ ചുരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചത്. അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുരം ഉള്‍പ്പെടുന്ന ദേശീയപാത 766 ല്‍ അടിവാരം മുതല്‍ ലക്കിടി വരെയാണ് പാര്‍ക്കിംഗ നിരോധനം. ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലക്കിടിയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ ചുരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനും തീരുമാനമുണ്ട്. ഇതിനായി സിസിടിവി കാമറകളും സ്ഥാപിക്കും. ആദ്യ ദിവസം പാര്‍ക്കിംഗ് നിരോധനത്തെ കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കണമുണ്ട്.

എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ കച്ചവടകാരും പ്രദേശവാസികളും രംഗത്തെത്തി. ചുരത്തിൽ നാലാം വളവുൾപ്പെടെയുള്ള സ്ഥലങ്ങളിലെ കച്ചവടക്കാരും ഇതിന് സമീപം താമസിക്കുന്നവരുമാണ് തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. വിനോദ സഞ്ചാരത്തെ തകർക്കുന്ന തീരുമാനം അടിവാരത്തെ വൻകിട ഹോട്ടലുകളെ സഹായിക്കാനാണെന്നാണ് ഇവരുടെ വാദം.

ചുരത്തിലെത്തുന്ന സഞ്ചാരികളും നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന നിലപാടിലാണ്. 70 ഓളം ചെറുകിട കച്ചവടക്കാരാണ് ചുരം മേഖലയിലുള്ളത്. പ്രതിഷേധ സൂചകമായി സമരം നടത്താനും കച്ചവടക്കാർ ആലോചിക്കുന്നുണ്ട്. കച്ചവടക്കാർ പ്രതിഷേധവുമായി എത്തിയതോടെ ജില്ലാ ഭരകൂടത്തിന്‍റെ തീരുമാനം നടപ്പാകില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.

 

click me!